തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്‌റ്റാണ് ഇത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
2019 ജൂലൈ 19നു പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടുനിന്നെന്നാണ് ആരോപണം. ദ്വാരപാലകക്കേസില്‍ മാത്രമല്ല കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.
ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്. പാളികള്‍ കൈമാറുന്ന സമയത്ത് അതിന്റെ തൂക്കവും അളവും രേഖപ്പെടുത്തേണ്ടയാളാണ് തിരുവാഭരണ കമ്മീഷണര്‍. അദ്ദേഹം ഈ സമയത്ത് അവിടെ ഉണ്ടാകേണ്ടതായിരുന്നു. 2019 ജൂലൈയിലാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയത്. ഈ സമയത്ത് മഹസറില്‍ കെ എസ് ബൈജു ഒപ്പിട്ടിരുന്നില്ല.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ അറസ്റ്റ് ചെയ്യാനും എസ്ഐടിയ്ക്ക് പദ്ധതിയുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശാസ്‌ത്രീയ അന്വേഷണത്തിന് എസ്.ഐ.ടിക്കു ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണ സാമ്പിള്‍ ശേഖരിക്കാമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.




