യാത്ര പോകുമ്പോള്‍ നായ ഉടമകളുടെ പ്രധാന ആശങ്കകളില്‍ ഒന്ന്, പ്രിയപ്പെട്ട വളര്‍ത്തുനായയെ എവിടെ നിര്‍ത്തും എന്നതാണ്. എന്നാല്‍ റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളം ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഈ പ്രധാന വിമാനത്താവളത്തിലെ ആദ്യ ഓണ്‍-സൈറ്റ് ഡോഗ് ഹോട്ടലുകളിലൊന്ന് തുറന്നു.
ഡോഗ് റെലൈസ് എന്ന ഈ ഡോഗ് ഹോട്ടലിലെ ജീവനക്കാര്‍, യാത്രക്കാര്‍ക്ക് വേണ്ടി അവരുടെ നായയെ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നു, അതിനാല്‍ ഉടമകള്‍ക്ക് വേഗം തന്നെ വിമാനത്തിലേക്ക് പോകാന്‍ സാധിക്കും. ഡോഗ് ഹോട്ടലിലെ സാധാരണ റൂമുകള്‍ക്ക് ഏകദേശം 40 യൂറോയാണ് ചെലവ്. താപനില നിയന്ത്രിക്കാന്‍ കഴിയുന്ന ഫ്‌ലോറുകളും സ്വകാര്യ പൂന്തോട്ടങ്ങളും ഈ റൂമുകളില്‍ ഉണ്ട്. പൊതുവായ പുല്‍ത്തകിടികളില്‍ മറ്റ് നായകളുമായി ഇടപഴകാനാകും. അങ്ങിനെ ഇഷ്ടപ്പെടാത്ത, കൂടുതല്‍ ശാന്ത സ്വഭാവമുള്ള നായകളെ സ്ഥാപനത്തിന്റെ അരികിലുള്ള കെന്നലുകളില്‍ പാര്‍പ്പിക്കും. അവിടെ അവര്‍ മറ്റ് നായകളുമായി ഇടപഴകാതെ ജീവനക്കാരുമായി മാത്രം ഇടപഴകും.
രാത്രിയില്‍, വിശ്രമത്തിനായി 432 ഹെര്‍ട്‌സ് ആവൃത്തിയിലുള്ള ശാന്തവും മൃദുവുമായ പശ്ചാത്തല സംഗീതം റൂമുകളിലെ സ്പീക്കറുകളിലൂടെ കേള്‍പ്പിക്കുന്നു. സാധാരണയായി ലഭിക്കുന്ന ഗ്രൂമിംഗ്, കുളിപ്പിക്കുക, പല്ല് വൃത്തിയാക്കുക തുടങ്ങിയ സേവനങ്ങള്‍ കൂടാതെ, കൂടുതല്‍ ആഡംബരമുള്ള ഓപ്ഷനുകളും ലഭ്യമാണ്. ശാന്തത ലഭിക്കാന്‍ സഹായിക്കുന്ന ലാവെന്‍ഡര്‍ അല്ലെങ്കില്‍ പെപ്പര്‍മിന്റ് സുഗന്ധങ്ങളുള്ള അരോമാതെറാപ്പി, അല്ലെങ്കില്‍ പേശികളിലെയും സന്ധികളിലെയും വേദനകള്‍ക്ക് ആശ്വാസം നല്‍കുന്ന ആര്‍നിക്ക ക്രീം പുരട്ടുന്നത് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
സാധാരണ വെബ്ക്യാമുകള്‍ വഴി ദൂരെയുള്ള യജമാനന്മാര്‍ക്ക് നായകളെ കാണാനാകും. ഇതില്‍ തൃപ്തരല്ലാത്ത ഉടമകള്‍ക്ക് 60 യൂറോ അധികം നല്‍കി പ്രീമിയം റൂം തിരഞ്ഞെടുക്കാം. ഇതില്‍ എപ്പോഴും വീഡിയോ കോള്‍ ചെയ്യുന്നതിനായി ഒരു സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ആപ്ലിക്കേഷന്‍ വഴി ട്രീറ്റുകള്‍ നല്‍കുന്ന ഡിസ്‌പെന്‍സറിലേക്ക് ഭക്ഷണം ഇട്ടുകൊടുത്ത് തങ്ങളുടെ വളര്‍ത്തുമൃഗത്തെ ഓമനിക്കാനും അവര്‍ക്ക് സാധിക്കും. ഈ ഡോഗ് ഹോട്ടലിന് ഇതിനോടകം തന്നെ നല്ല ജനപ്രീതി ലഭിച്ചു. ഇറ്റലിക്കാര്‍ സാധാരണയായി വേനല്‍ക്കാല അവധിക്കായി യാത്ര ചെയ്യുന്ന ഓഗസ്റ്റ് മാസത്തില്‍, ഫിയുമിസിനോയില്‍ ദശലക്ഷക്കണക്കിന് യാത്രക്കാര്‍ എത്തിയിരുന്നു. ആ സമയത്ത് നായകളുടെ 40 മുറികളും നിറഞ്ഞിരുന്നു.
മെയ് മാസത്തിലായിരുന്നു ഹോട്ടല്‍ തുറന്നത്. ഡോഗ് ഹോട്ടല്‍ തുറന്ന അതേ മാസം തന്നെ, ഇറ്റലിയിലെ വാണിജ്യ വ്യോമയാന അതോറിറ്റി ആഭ്യന്തര വിമാനങ്ങളില്‍ വലിയ നായകളെ സുരക്ഷിതമായ കൂട്ടിലിട്ട് വിമാനത്തിനകത്ത് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നിയമം ഉണ്ടാക്കി. സെപ്റ്റംബര്‍ 23-ന് ആദ്യ വിമാനം പറന്നുയരുമെന്ന് ഗതാഗത മന്ത്രി മാറ്റിയോ സാല്‍വിനി അറിയിച്ചു.




