ഒരു ടി20 ലോകകപ്പ്, ഏകദിന, ടെസ്റ്റ് ലോകകപ്പില്‍ ഫൈനല്‍ പ്രവേശം. ഒന്നിലധികം ഇരട്ട സെഞ്ച്വറികള്‍ എന്നിവയെല്ലാം ഉണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പെടുത്താതെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
‘സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രോഹിത് ശര്‍മ്മയ്ക്ക് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടം നേടാനാവില്ല,’ ദൂരദര്‍ശനിലെ ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയില്‍ മഞ്ജരേക്കര്‍ പറഞ്ഞു.
ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍, ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ എന്നിവ നേടിയ രോഹിത്തിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തില്ല. 19,700 റണ്‍സുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ നാലാമതാണ് രോഹിത്. 67 ടെസ്റ്റുകളില്‍ നിന്ന് 4,301 റണ്‍സും ഏകദിനത്തില്‍ 11,168 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിന, ടി20യിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതാണെങ്കിലും, ടെസ്റ്റ് കരിയറാണ് രോഹിത്തിന് തിരിച്ചടിയായതെന്ന് മഞ്ജരേക്കര്‍ കരുതുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ നിസ്വാര്‍ത്ഥമായ സ്വഭാവത്തെ മഞ്ജരേക്കര്‍ പ്രശംസിച്ചു. ഇത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഏകദിന ക്രിക്കറ്റ്, നിസ്വാര്‍ത്ഥത, അല്ലെങ്കില്‍ നായകത്വം എന്നിവ പരിഗണിക്കുകയാണെങ്കില്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് തീര്‍ച്ചയായും പറയണം. പ്രത്യേകിച്ചും 2023 ലോകകപ്പിന് ശേഷം അദ്ദേഹത്തോട് ആളുകള്‍ക്കുള്ള സ്‌നേഹം മറ്റൊരു തലത്തിലാണ്. സ്വയം ചിന്തിക്കാതെ ടീമിന്റെ നേട്ടങ്ങള്‍ക്കായി സ്വന്തം താല്‍പര്യങ്ങള്‍ പോലും ത്യജിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് ആളുകള്‍ കണ്ടു. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദിനങ്ങളില്‍ അനായാസമായി ആധിപത്യം സ്ഥാപിക്കുന്നതും, ഒരു ഏകദിന ഇന്നിങ്സില്‍ ഏകദേശം 300 റണ്‍സ് നേടാനായതും വളരെ സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തെക്കുറിച്ച് പറയുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ പ്രാധാന്യം. ആ ഫോര്‍മാറ്റില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയെന്ന് ഞാന്‍ കരുതുന്നില്ല.” അദ്ദേഹം പറഞ്ഞു.




