Featured Movie News

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം ; താരത്തിന്റെ വസതിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വാട്ട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. അജ്ഞാതരില്‍ നിന്ന് രണ്‍വീര്‍ സിങ്ങിന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാട്ട്സ്ആപ്പ് വോയിസ് നോട്ട് ലഭിച്ചതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിയില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാകാം ഈ ഭീഷണിക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ സെന്‍ട്രലിലെ തങ്ങളുടെ ഹൗസിംഗ് സൊസൈറ്റിയില്‍ രണ്‍വീര്‍ സിംഗും ദീപിക പദുകോണും സ്വന്തം നിലയില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, വസതിക്ക് ചുറ്റുമുള്ള കനത്ത സുരക്ഷാ സാന്നിധ്യം സൊസൈറ്റിയിലെ മറ്റ് താമസക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സായുധരായ ഗാര്‍ഡുകള്‍ ലോബി, ജിംനേഷ്യം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ആയുധങ്ങളുമായി നടക്കുന്നത് മറ്റ് താമസക്കാരുടെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുമെന്ന് സൊസൈറ്റി മാനേജിംഗ് കമ്മിറ്റി പോലീസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.