Oddly News

പാറ്റകളോട് കളിച്ചത് പണി കളയുമോ? സോണിയ ഷെഹ്‍രാവത്ത് ചെയ്തത് ചട്ടവിരുദ്ധം; ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് മറുപടി പറയേണ്ടിവരും

സിജെപി സമരത്തെ പരിഹസിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) അസിസ്റ്റന്റ് കമാൻഡന്റ് സോണിയ ഷെഹ്‌രാവത്തിന് തിരിച്ചടി. ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ സമൂഹ മാധ്യമ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സിആർപിഎഫിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇവരോട് ഉടൻ തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടുമെന്നാണ് വിവരം. ഡൽഹിയിൽ നടന്ന സിജെപിയുടെ സൻസദ് മാർച്ചിന്റെ സുരക്ഷാ ചുമതല സോണിയയ്ക്കായിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സോണിയ അടക്കം നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിനു പിന്നാലെ ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോ അടങ്ങിയ റീൽ സോണിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു. “സ്വന്തം കാര്യം പോലും ശരിയാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ ശരിയാക്കാൻ വന്നിരിക്കുന്നത്” എന്നെഴുതിയ റീൽ ചിരിക്കുന്ന സ്മൈലിയോടെയാണ് പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇത് പിൻവലിച്ചെങ്കിലും, പോസ്റ്റ് ‘ക്രൂരവും അനുകമ്പയില്ലാത്തതുമാണ്’ എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമുയർന്നു.

സോണിയയുടെ ഈ നടപടി സേനയുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. എങ്കിലും അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥയുടെ ഭാഗം കേൾക്കുമെന്നും, അതിനുശേഷമേ തുടര്നടപടികളിലേക്ക് കടക്കൂ എന്നും സിആർപിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രതിഷേധത്തിനിടെ തോളിന് പരിക്കേറ്റ് ചികിത്സയിലുള്ള സോണിയ ജൂലൈ 20-ന് ശേഷം ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ‘3star_sonia’ എന്ന അക്കൗണ്ടിലൂടെ 6.3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന, ഏറെ ജനപ്രീതിയുള്ള ഉദ്യോഗസ്ഥയാണ് ഇവർ. അതേസമയം, സോണിയയുടെ പരിഹാസത്തിന് മറുപടിയുമായി രംഗത്തെത്തിയ സിജെപി, ‘പാറ്റകൾക്ക് മരണമില്ല’ എന്ന് തങ്ങളുടെ എക്സ് (ട്വിറ്റർ) പേജിൽ കുറിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ പാറ്റകളോട് ഉപമിച്ച ഉദ്യോഗസ്ഥയുടെ നിലപാട് തികച്ചും ഞെട്ടിക്കുന്നതാണെന്നും, പോലീസിന്റെ ക്രൂരതയെ ഇവർ ന്യായീകരിക്കുകയാണെന്നും കോക്ക്റോച്ച് ജനതാ പാർട്ടി എക്‌സിലൂടെ പ്രതികരിച്ചു. “പക്ഷേ ഓർക്കുക, ഞങ്ങൾ പാറ്റകളാണ്, പാറ്റകൾ ഒരിക്കലും ചാവില്ല!” എന്നും സി.ജെ.പി കൂട്ടിച്ചേർത്തു.

വംശീയ അധിക്ഷേപങ്ങൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, അശ്ലീലം എന്നിവ വ്യക്തിഗത അക്കൗണ്ടുകളിൽ ഉപയോഗിക്കരുതെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത രീതിയിൽ പെരുമാറരുതെന്നും സർവീസ് ചട്ടങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. സോണിയ ഈ ചട്ടം ലംഘിച്ചതായി കാണപ്പെടുന്നു. ഔദ്യോഗിക ഡ്യൂട്ടിയിലായിരിക്കുമ്പോൾ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്ന് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നത് അച്ചടക്ക ലംഘനമാണെന്നും, മുതിർന്ന ഉദ്യോഗസ്ഥർ ഇതിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് കണ്ടറിയണമെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.

കൂടാതെ, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ യൂണിഫോമിലുള്ള ചിത്രങ്ങൾ പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. എന്നാൽ സോണിയയുടെ ‘3star_Sonia’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ യൂണിഫോമിലുള്ള ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരം പോസ്റ്റുകൾ സേനയ്ക്ക് അപമാനമുണ്ടാക്കുന്നുവെന്നും ആൾക്കൂട്ടത്തെയും കലാപസമാനമായ സാഹചര്യങ്ങളെയും നിയന്ത്രിക്കേണ്ട ഒരു പ്രൊഫഷണൽ വിഭാഗമാണ് തങ്ങളെന്നും ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

അതേസമയം, പരിശീലനത്തിനിടെയുണ്ടായ ഗുരുതരമായ പരിക്കിൽ 52 തുന്നലുകൾ ഇടേണ്ടി വന്നിട്ടും താൻ അതിജീവിച്ച് പരിശീലനം പൂർത്തിയാക്കിയതായി ഒരു പോഡ്കാസ്റ്റിൽ സോണിയ ഓർത്തെടുത്തു. ഡൽഹി ജന്ദർ മന്ദിറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ചില അക്രമികളും സാമൂഹിക വിരുദ്ധരും കടന്നുകൂടിയിരുന്നതായി എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ അവകാശപ്പെട്ടു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലുകളും കുപ്പികളും ചെരിപ്പുകളും എറിഞ്ഞുവെന്നും, സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തന്റെ കൈക്ക് പരിക്കേറ്റതെന്നും കൈയിൽ പ്ലാസ്റ്ററുമിട്ട് അവർ പറഞ്ഞു. പ്രതിഷേധക്കാർ തങ്ങളെ നഖം കൊണ്ട് പോറുകയും ചെയ്തതായി കഴുത്തിലെ പാട് കാണിച്ചുകൊണ്ട് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *