Lifestyle

20വര്‍ഷത്തെ പ്രതീക്ഷകള്‍ മങ്ങി; സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിടവാങ്ങി

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വര്‍ഷം കോമയിൽ കിടന്നശേഷമാണ് മരണം. 2005ൽ ലണ്ടനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. 

ഈ അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാഗമായ അദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. ജീവൻ രക്ഷ സംവിധാനം മാറ്റാൻ ഒരിക്കൽ പോലും പിതാവ് തയാറായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷവും അബോധാവസ്ഥയിലായ അൽ വലീദ് ബിൻ ഖാലിദിനെ കുടുംബം പരിചരിച്ചു.

സൗദി വാര്‍ത്താ ഏജന്‍സി മുഖേന സൗദിയിലെ രാജകുടുംബം മരണം സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഞായറാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. 20വര്‍ഷം കോമയിൽ കിടന്നെങ്കിലും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ചികിത്സയും പ്രാര്‍ഥനയും തുടര്‍ന്നുവരുകയായിരുന്നു കുടുംബം.

രാജകുമാരന്‍ ബോധം വീണ്ടെടുത്തതായി ഈയിടെ വാർത്ത ഉണ്ടായിരുന്നു. ശതകോടീശ്വരനായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനാണു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് നിലനിര്‍ത്തിയിപോന്നിരുന്നത്.

2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോഴുണ്ടായ കാര്‍ അപകടത്തിലായിരുന്നു പരുക്കേറ്റത്. തലച്ചോറിനായിരുന്നു സാരമായ പരുക്കേറ്റ് അബോധാവസ്ഥയിലായത്. എന്നാൽ കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ തന്റെ ജന്മദിനത്തിൽ അല്‍വലീദ് രാജകുമാരന്‍ ബോധം വീണ്ടെടുത്തതായി വ്യാജ വാർത്തയുമായി വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു.