Crime

‘അച്ഛൻ എന്റെ അമ്മയെ കത്തിച്ചു,’ ആറ് വയസ്സുകാരൻ; 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

നോയിഡ: നോയിഡയിൽ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ ആറ് വയസ്സുകാരൻ മകൻ നടന്ന ക്രൂരത തുറന്നുപറഞ്ഞു. തന്റെ മുന്നിൽ വെച്ചാണ് അച്ഛൻ അമ്മയെ കൊലപ്പെടുത്തിയതെന്നും കുട്ടി പറഞ്ഞു. സംഭവം ഓർത്തെടുത്ത് ആ കുട്ടി ഇങ്ങനെ പറഞ്ഞു, “എന്റെ അമ്മയുടെ ദേഹത്ത് അവർ എന്തോ ഒഴിച്ചു, എന്നിട്ട് അടിച്ചു, ശേഷം ലൈറ്റർ ഉപയോഗിച്ച് തീയിട്ടു.”

“മേരി മമ്മ കേ ഊപ്പർ കുച്ച് ഡാല, ഫിർ ഉൻകോ ചാൻടാ മാരാ ഫിർ ലൈറ്റർ സേ ആഗ് ലഗാ ദി. (അവർ എന്റെ അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു, അടിച്ചു, എന്നിട്ട് ലൈറ്റർ ഉപയോഗിച്ച് തീയിട്ടു),” ഇരയുടെ മകൻ പറഞ്ഞു. അച്ഛനാണോ അമ്മയെ കൊന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുട്ടി തലയാട്ടി.

ക്രൂരമായ ഈ സംഭവത്തിന്റെ രണ്ട് വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയിൽ ഒരു പുരുഷനും സ്ത്രീയും ചേർന്ന് യുവതിയെ മർദ്ദിക്കുന്നതും മുടിയിൽ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും കാണാം. രണ്ടാമത്തെ വീഡിയോയിൽ തീപിടിച്ച ശേഷം യുവതി പടികൾ ഇറങ്ങി വരുന്നതും കാണാം.

ഗ്രേറ്റർ നോയിഡയിലെ കസ്ന പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിർസ ഗ്രാമ ത്തിൽ നടന്ന ഈ സംഭവം നിക്കി എന്ന് പേരുള്ള യുവതിയുടെ മൂത്ത സഹോദരി കാഞ്ചനാണ് പകർത്തിയത്. കാഞ്ചനും അതേ കുടുംബത്തിൽ തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കാഞ്ചൻ പറഞ്ഞത്, 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് നിക്കിയെ ഭർത്താവ് വിപിനും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയെന്നാണ്.

വ്യാഴാഴ്ച രാത്രി അവരെ ക്രൂരമായി മർദ്ദിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്ന് വിപിന്റെ സഹോദരന്റെ ഭാര്യയായ കാഞ്ചൻ പറഞ്ഞു. “കഴിഞ്ഞ കുറേ ദിവസങ്ങ ളായി സ്ത്രീധനത്തിന്റെ പേരിൽ ഞങ്ങളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുക യായിരുന്നു. അവർ 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. എന്റെ സഹോദരിയോട് അവർ അതിക്രമം കാണിച്ചു. അവർ അവളുടെ കഴുത്തിലും തലയിലും അടിച്ച ശേഷം ആസിഡ് ഒഴിച്ചു. ഞങ്ങളുടെ കുട്ടികളും അതേ വീട്ടിലുണ്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്നെയും ഉപദ്രവിച്ചു,” സഹോദരിയുടെ മകനെ കെട്ടിപ്പി ടിച്ച് കരഞ്ഞുകൊണ്ട് കാഞ്ചൻ പറഞ്ഞു.