ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് വഴങ്ങേണ്ടി വന്ന ദയനീയ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് നീലപ്പട പരിശീലനം നടത്തിയത്.
വിൻഡീസിനോട് തകർന്നടിഞ്ഞെങ്കിലും ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിക്കന്ദർ റാസയുടെ സംഘത്തെ നിസ്സാരക്കാരായി കാണാൻ ഇന്ത്യക്കാവില്ല. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നതിനാൽ കൂറ്റൻ ജയം അനിവാര്യമാണ്.
കണക്കുകൾ പരിശോധിച്ചാൽ ടി20 ഫോർമാറ്റിൽ ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ പത്തിലും ഇന്ത്യ ജയിച്ചപ്പോൾ മൂന്ന് തവണ സിംബാബ്‌വെ അട്ടിമറി വിജയം നേടിയിട്ടുണ്ട്. ഈ മൂന്ന് വിജയങ്ങളും അവർ സ്വന്തമാക്കിയത് ഹരാരെയിലായിരുന്നു.
2015-ൽ അക്ഷർ പട്ടേലും സഞ്ജു സാംസണും ഉൾപ്പെട്ട ടീമിനെ 10 റൺസിനും, 2016-ൽ എം.എസ് ധോണി നയിച്ച ടീമിനെ 2 റൺസിനും അവർ പരാജയപ്പെടുത്തി. ഒടുവിൽ 2024-ൽ വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും റിങ്കു സിങ്ങും അടങ്ങിയ സംഘത്തെ 13 റൺസിന് തോൽപ്പിച്ച ചരിത്രവും സിംബാബ്‌വെക്കുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിലെ പോരാട്ടത്തിൽ ഇന്ത്യ അതീവ ജാഗ്രതയോടെയാകും കളത്തിലിറങ്ങുക.




