Oddly News

വ്യാജ ബിരുദവുമായി പാകിസ്‌താന്‍ ജഡ്‌ജി; ഹൈക്കോടതിയില്‍ ജോലി ചെയ്‌തത്‌ 5 വര്‍ഷം; ഞെട്ടിക്കുന്ന വിവരങ്ങൾ


ഇസ്ലാമാബാദ്‌: പാകിസ്‌താനിലെ ഇസ്ലാമാബാദ്‌ ഹൈക്കോടതിയിലെ ജഡ്‌ജി സ്‌റ്റിസ്‌ താരിഖ്‌ മഹ്‌മൂദ്‌ ജഹാംഗിരിയുടെ നിയമബിരുദം വ്യാജമെന്നു കണ്ടെത്തല്‍. തട്ടിപ്പ്‌ തിരിച്ചറിഞ്ഞത്‌ അദ്ദേഹം നിയമിതനായി അഞ്ച്‌ വര്‍ഷത്തിനുശേഷം.
2020 ഡിസംബറിലാണു ജഹാംഗിരി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്‌.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ജഡ്‌ജി എന്ന നിലയില്‍ അയാളുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനു വിലക്കുവന്നു.
കറാച്ചി സര്‍വകലാശാല രജിസ്‌ട്രാറില്‍നിന്ന്‌ ലഭിച്ച രേഖകളെ അടിസ്‌ഥാനമാക്കിയാണു ഹൈക്കോടതി തീരുമാനമെടുത്തത്‌. ജഹാംഗിരിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നും കോടതി കണ്ടെത്തി.


1988ല്‍ വ്യാജ എന്റോള്‍മെന്റ്‌ നമ്പര്‍ ഉപയോഗിച്ചാണ്‌ അയാള്‍ പരീക്ഷ എഴുതിയതെന്നു കോടതി വ്യക്‌തമാക്കി. വെട്ടിപ്പ്‌ നടത്തിയതിന്‌ പിടിയിലാകുകയും 1989ല്‍ സര്‍വകലാശാല മൂന്ന്‌ വര്‍ഷത്തേക്ക്‌ വിലക്കുകയും ചെയ്‌തു. ശിക്ഷ സ്വീകരിക്കുന്നതിന്‌ പകരം ജഹാംഗിരി വ്യാജ മാര്‍ഗം സ്വീകരിച്ചു. അടുത്ത വര്‍ഷം, ‘താരിഖ്‌ ജഹാംഗിരി’ എന്ന പേരില്‍ വീണ്ടും പരീക്ഷയെഴുതി. അതിനായി മറ്റൊരു വിദ്യാര്‍ഥിയായ ഇംതിയാസ്‌ അഹമ്മദിന്‌ അനുവദിച്ച എന്റോള്‍മെന്റ്‌ നമ്പര്‍ ഉപയോഗിച്ചു. ഗവണ്‍മെന്റ്‌ ഇസ്ലാമിക്‌ ലോ കോളജില്‍ന്നാണു ബിരുദമെടുത്തതെന്നായിരുന്നു ജഹാംഗിരിയുടെ അവകാശവാദം. എന്നാല്‍, അയാള്‍ അവിടെ പഠിച്ചിട്ടില്ലെന്നു ഇസ്ലാമിക്‌ ലോ കോളജിന്റെ പ്രിന്‍സിപ്പല്‍ മൊഴി നല്‍കി.

യഥാർത്ഥ രേഖകൾ ഹാജരാക്കാൻ കോടതി നിരവധി അവസരങ്ങൾ നൽകിയെങ്കിലും ജഹാംഗീരി അതിന് തയ്യാറായില്ല. പകരം, നടപടികൾ നീട്ടിക്കൊണ്ടുപോകാൻ വേണ്ടി ചീഫ് ജസ്റ്റിസിനെ മാറ്റണമെന്നും മറ്റും ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷകൾ നൽകുകയായിരുന്നു. ഇത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രങ്ങളാണെന്ന് (dilatory tactics) കോടതി വിലയിരുത്തി. പരാതിക്കാരൻ തെളിവുകൾ ഹാജരാക്കിയ സാഹചര്യത്തിൽ, തന്റെ ബിരുദം യഥാർത്ഥമാണെന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു. അതിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ നിയമനം അസാധുവാക്കാൻ കോടതി ഉത്തരവിട്ടു.