അസാമാന്യമായ ശാരീരിക കരുത്തും വേഗതയും പ്രകടിപ്പിച്ചുകൊണ്ട് വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ ഉയർത്തി എറിഞ്ഞ് ഒരു വനിതാ അത്ലറ്റ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ജർമ്മൻ സ്ട്രോങ്ങ് വുമൺ ആയ സീന റുപ്പൻതാലാണ് (Sina Ruppenthal) ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്. ഓരോ പുരുഷനെയും വ്യക്തിഗതമായി ഉയർത്തി തന്റെ തോളിലൂടെ പിന്നിലേക്ക് എറിയുകയായിരുന്നു വെല്ലുവിളി. ശാരീരിക കരുത്തിനൊപ്പം കൃത്യമായ ഏകോപനവും സഹിഷ്ണുതയും ആവശ്യമായ ഈ പ്രകടനം മ്യൂണിക്കിൽ നടന്ന ഒരു ടിവി ഷോയ്ക്കിടെയാണ് അരങ്ങേറിയത്.
ഈ റെക്കോർഡ് പ്രകടനത്തിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതോടെയാണ് വാർത്ത ലോകശ്രദ്ധ നേടിയത്. ഒന്നിനുപുറകെ ഒന്നായി പത്തുപേരെയും വളരെ വേഗത്തിൽ യാതൊരു ഇടവേളയുമില്ലാതെ സീന ഉയർത്തി എറിയുന്നത് വീഡിയോയിൽ കാണാം. സാധാരണയായി പുരുഷന്മാർ വലിയ കല്ലുകളും വാഹനങ്ങളും ഉയർത്തുന്ന സ്ട്രോങ്ങ്മാൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു സ്ത്രീ മുതിർന്ന പുരുഷന്മാരെ ഉയർത്തി എറിയുന്ന കാഴ്ച കാണികളെ വിസ്മയിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസയാണ് സീനയ്ക്ക് ലഭിക്കുന്നത്. വരിവരിയായി നിന്ന് എടുത്തെറിയപ്പെടാൻ കാത്തുനിൽക്കുന്ന പുരുഷന്മാരുടെ ഭാവങ്ങളും ഈ നേട്ടത്തിന് ശേഷം സീനയെ പങ്കാളി ചുംബിക്കുന്നതുമെല്ലാം നെറ്റിസൺസ് കൗതുകത്തോടെയാണ് പങ്കുവെക്കുന്നത്. ലോകത്തിലെ തന്നെ കരുത്തുറ്റ നാലാമത്തെ സ്വാഭാവിക വനിതാ അത്ലറ്റായി അറിയപ്പെടുന്ന സീന റുപ്പന്താൽ ഒരു സ്പോർട്സ് സയന്റിസ്റ്റും പരിശീലക കൂടിയാണ്. ജർമ്മനിയിലെ വനിതാ സ്ട്രോങ്ങ് വുമൺ താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ സ്ഥാപക അംഗം കൂടിയാണ് ഇവർ.




