Featured Spotlight

പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.

എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന്  കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍  വര്‍ത്തിക്കാനാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എൻ.എസ്.എസ്. – എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നുകൂടി ചേര്‍ത്താണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പിന്നാലെ ഈ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചിരുന്നു. ‘ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും’, എന്നായിരുന്നു ജി സുകുമാരന്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ ഐക്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.