Crime

3 വയസുകാരിയെ കരടിക്കൂട്ടില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ട മകളെ 3 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ കുത്തിക്കൊന്നു

മൂന്ന് വര്‍ഷംമുമ്പ് മകളെ കൊല്ലാനായി കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ മാതാവിനെ ഇപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അറസ്റ്റു ചെയ്തു. ഉസ്‌ബെക്കിസ്ഥാനിലാണ് സംഭവം.  താഷ്‌കന്റ് മൃഗശാലയില്‍ മൂന്ന് വയസ്സുള്ള മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ യുവതി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കുത്തിക്കൊന്നെന്നാണ് പോലീസ് സംശയിക്കുന്നത്.

2022-ല്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ഞെട്ടിച്ചുകൊണ്ട് സിലോല തുലിയ ഗനോവ എന്ന യുവതി തന്റെ മകള്‍ സറീനയെ 16 അടി താഴ്ചയുള്ള കരടിയുടെ കൂട്ടിലേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്ന കരടി അവളെ മണത്തുനോക്കിയ ശേഷം തിരികെ പോവുകയായിരുന്നു. ഉടന്‍തന്നെ മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ കൂട്ടിലേക്ക് ഇറങ്ങി പെണ്‍കുട്ടിയെ രക്ഷിച്ചു.

വീഴ്ചയില്‍ പരിക്കേറ്റ സറീന മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകളെ കൊല്ലാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 34-കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ മാനസികാരോഗ്യ പരിശോധനക്ക് ശേഷം ഉസ്‌ബെക്ക് അധികാരികള്‍ യുവതിയെ വിട്ടയക്കുകയും മകളെയും മകനെയും നോക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

സിലോല സറീനയെ കരടിയുടെ കൂട്ടിലെ കൈവരിക്ക് മുകളിലൂടെ പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. അവള്‍ 16 അടി താഴ്ചയിലേക്ക് പെണ്‍കുട്ടിയെ എറിയുന്നതും ദൃശ്യങ്ങളി ലുണ്ടായിരുന്നു.

ഭാഗ്യത്തിന് കരടി മണത്തുനോക്കിയ ശേഷം പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഏഴ് വയസ്സുള്ള മകളെ കുത്തിക്കൊന്നതിന് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കുത്തേറ്റ പാടുകളുണ്ടായിരുന്നു.