Featured Oddly News

998 കോടിയുടെ ഫ്ലൈഓവർ പോകുന്നത് വീടിന്റെ ബാല്‍ക്കണിയിലൂടെ ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് നാട്ടുകാര്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു ‘അത്ഭുത’ എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു. അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ് കടന്നുപോകുന്നത്! നാട്ടുകാര്‍ പരിഹസിച്ച് ലോകത്തെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. വീടിന് അനുമതിയുണ്ടെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തില്ലെന്നും, അനധികൃതമാണെങ്കില്‍ എന്തുകൊണ്ട് പൊളിച്ചുമാറ്റിയില്ലെന്നും ആളുകള്‍ ചോദിക്കുന്നു.

വീടിന് ഏകദേശം 150 വര്‍ഷം പഴക്കമുണ്ടെന്നാണ് താമസക്കാര്‍ പറയുന്നത്. വീട്ടുടമയായ പട്രെയും മകളും പറയുന്നത്, അവരുടെ കുടുംബം ആറ് തലമുറകളായി ഈ വീട്ടില്‍ താമസിക്കുന്നു. 25 വര്‍ഷം മുമ്പാണ് വീട് പുതുക്കിപ്പണിതത്. മേല്‍പ്പാലം ബാല്‍ക്കണിയിലൂടെ കടന്നുപോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ബാല്‍ക്കണിക്ക് അനുമതിയുണ്ടോ എന്നും വീടിന്റെ പ്ലാനിന് അംഗീകാരമുണ്ടോ എന്നും ചോദിച്ചപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നല്‍കിയത്. ഹൈവേ ബ്രിഡ്ജിന്റെ ചെലവ് 998 കോടി രൂപയാണ്. 9.2 കിലോമീറ്റര്‍ നീളമുള്ള ഈ മേല്‍പ്പാലം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവാദിത്തം നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. അവര്‍ പ്രതികരിച്ചിട്ടില്ല.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, എന്‍ഐടി, ദേശീയപാതാ വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു നടപടിയും എടുക്കാത്തതില്‍ താനും അത്ഭുതപ്പെടുന്നുണ്ടെന്ന് സൗത്ത് നാഗ്പൂര്‍ എംഎല്‍എ മോഹന്‍ മേറ്റ് പറഞ്ഞു. ഇതിന് ഉത്തരവാദികളായവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാഗ്പൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം വീഴ്ചകള്‍ നഗരത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.