Crime

കാമുകനുമായി ലൈംഗികബന്ധത്തിന് ശല്യം, 2 വയസുകാരി മകളുടെ കരച്ചില്‍, കൊലപ്പെടുത്തി അമ്മ

തെലങ്കാനയിലെ ശാബാസ്പള്ളിയിൽ അഴുക്കുചാലിന് സമീപം രണ്ടു വയസുകാരിയെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അമ്മയും കാമുകനും. കുട്ടിയുടെ അമ്മ 23കാരിയായ മംമ്തയും കാമുകന്‍ ഷെയ്ഖ് ഫയാസും പൊലീസ് പിടിയില്‍. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ടു വയസുകാരിയെ കൊന്ന് ശിവംപേട്ട് മണ്ഡലിലെ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്.

2 വയസുള്ള മകളുമായി മംമ്ത അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത് കാമുകനൊപ്പമായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ രണ്ട് വയസുകാരിയെ ശ്വാസംമുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മെയ് 27ന് മംമ്തയുടെ ഭർത്താവായ കോട്ല രാജു ഭാര്യയേയും മകളേയും കാണുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ആവുന്നില്ലെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

വീട്ടുകാരും പൊലീസും അന്വേഷിച്ചെങ്കിലും മംമ്തയുടെ ഫോൺ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാൽ സെപ്റ്റംബർ ആദ്യ വാരത്തിൽ മംമ്തയെ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടിൽ വച്ച് പൊലീസ് ക്യാമറയിൽ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ് സെപ്റ്റംബർ 11നാണ് മംമ്തയേയും കാമുകനേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് 23കാരി കുറ്റസമ്മതം നടത്തുന്നത്.