തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ നടൻ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെയാണ് ഇവർ കേരളത്തിലെത്തിയത്. പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു വിവാഹം.
വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെച്ചൊല്ലി സൈബറിടത്തിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. താരത്തിന് 17 വയസ്സേയുള്ളൂവെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. 2009 ജനുവരിയിലാണ് ജനിച്ചതെന്ന് വ്യക്തമാക്കുന്ന പഴയ വാർത്താ ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞതായാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോഴാണ് പ്രണയബന്ധം വെളിപ്പെടുത്തി നാടുവിട്ടതെന്ന് മൊണാലിസ പറഞ്ഞു. കേരളത്തിൽ തുടരുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഇവിടുത്തെ സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മന്ത്രി വി ശിവൻകുട്ടി, എം വി ഗോവിന്ദൻ, എ എ റഹിം എംപി തുടങ്ങിയ പ്രമുഖർ വിവാഹ ചടങ്ങിൽ സാക്ഷികളായി. മതം നോക്കാതെ വിവാഹം കഴിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്നും കേരളം സൗഹൃദത്തിന്റെ ഇടമാണെന്നും എ എ റഹിം വ്യക്തമാക്കി.




