Lifestyle

പന്നിക്കുഞ്ഞുങ്ങള്‍, അവയവ പ്രിന്‍റിങ്; 150 വയസ്സ് വരെ ജീവിക്കാൻ പറ്റും..! കോടികൾ ഒഴുക്കി പുടിന്‍ നടത്തുന്ന പരീക്ഷണങ്ങളുടെ വിവരങ്ങൾ പുറത്ത്

പണക്കാരനോ സാധാരണക്കാരനോ, വില്ലനോ ഹീറോയോ, കടലിലെ ഏറ്റവും വലിയ തിമിംഗലമോ ഇത്തിരിക്കുഞ്ഞന്‍ ബാക്ടീരിയയോ ആകട്ടെ, എല്ലാവരുടെയും അവസാനം മരണമാണ്. മരണം എന്നത് തികച്ചും അനിവാര്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ മരണമില്ലാത്ത ഒരു ലോകമുണ്ടായാലോ? മരണമില്ലാത്ത അത്തരമൊരു ഭാവിയിലേക്ക് ശാസ്ത്രലോകം ഓരോ ദിവസവും കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ അത് ഇന്നോ നാളെയോ സാധ്യമായെന്ന് വരില്ല. എങ്കിലും അമരത്വം എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇപ്പോൾ റഷ്യയിൽ നിന്ന് പുറത്തുവരുന്നത്. ഈ പുതിയ നീക്കങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചുറ്റിപ്പറ്റിയാണെന്നത് കൗതുകം ഇരട്ടിയാക്കുന്നു.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ആസ്ഥാനമായ ക്രെംലിൻ പൂർണ്ണ പിന്തുണ നൽകുന്ന ഒരു ഗവേഷകസംഘം ദീർഘനാളായി ഇതിനായുള്ള പരീക്ഷണങ്ങളിലായിരുന്നു. ‘ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, പന്നിക്കുഞ്ഞുങ്ങളിൽ നിന്നുള്ള അവയവങ്ങൾ മനുഷ്യനിൽ ഉപയോഗിക്കുന്നതിലും, അവയവങ്ങൾ 3D പ്രിന്റ് ചെയ്തെടുക്കുന്നതിലും, ജീൻ തെറാപ്പിയിലുമെല്ലാം വലിയ മുന്നേറ്റങ്ങൾ കൈവരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പുറത്തുവന്ന സംഭാഷണത്തിൽ, പുട്ടിൻ അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചും മരണമില്ലായ്മയെക്കുറിച്ചും വളരെ താല്പര്യത്തോടെ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ അക്കാലത്ത് ഇത് ഒരു സാധാരണ സൗഹൃദ സംഭാഷണം എന്ന രീതിയിൽ മാത്രമാണ് എല്ലാവരും തള്ളിക്കളഞ്ഞത്. എന്നാൽ ആ ചർച്ചകൾക്ക് പിന്നിൽ വലിയ തോതിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ തന്നെയുണ്ടായിരുന്നു എന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.

കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ഗവേഷണങ്ങൾ തങ്ങൾ നടത്തിവരികയാണെന്ന് റഷ്യൻ ശാസ്ത്രജ്ഞർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, തരുണാസ്ഥി (കാർട്ടിലേജ്) 3D പ്രിന്റ് ചെയ്തെടുത്തതും, ലബോറട്ടറിയിൽ വികസിപ്പിച്ച തൈറോയ്ഡ് ഗ്രന്ഥി ഒരു ചുണ്ടെലിയിൽ വിജയകരമായി വെച്ചുപിടിപ്പിച്ചതുമെല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. 2030 ആകുമ്പോഴേക്കും മനുഷ്യരിലും ഇത്തരത്തിൽ മുഴുവനായി 3D പ്രിന്റഡ് അവയവമാറ്റം സാധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ഗവേഷണങ്ങൾ മുന്നോട്ട് പോകുന്നത്.

മുൻപ് ലോക കോടീശ്വരന്മാരായ ജെഫ് ബേസോസും സാം ആൾട്ട്മാനും സമാനമായ രീതിയിൽ വാർദ്ധക്യത്തെ ചെറുക്കാനുള്ള പരീക്ഷണങ്ങൾക്ക് വലിയ തുക നിക്ഷേപിച്ചിരുന്നുവെങ്കിലും അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നില്ല. എന്നാൽ റഷ്യയിൽ നിന്ന് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾക്ക് കൃത്യമായ ഔദ്യോഗിക അടിത്തറയുണ്ടെന്നത് ഈ പരീക്ഷണങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.