Movie News

ബോളിവുഡ് അരങ്ങേറ്റം വമ്പന്‍ പരാജയം ;  പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്‍ മുതല്‍ കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്‍ബീര്‍ കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം, രണ്‍ബീര്‍ ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില്‍ കയറി ഏഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടാകുകയും ചെയ്തു.

സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയയ്ക്ക് അതിന്റെ ബജറ്റായ 45 കോടി വീണ്ടെടുക്കാന്‍ പോലും കഴിഞ്ഞില്ല. മാത്രമല്ല ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷന്‍ 39 കോടി രൂപ (ഇന്ത്യയില്‍ 22 കോടി രൂപ) മാത്രമായിരുന്നു. എന്നാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ബച്ച്ന ഏ ഹസീനോ, അജബ് പ്രേം കി ഗസബ് കഹാനി, രാജനീതി, റോക്ക്സ്റ്റാര്‍ എന്നിങ്ങനെ ഒന്നിലധികം ഹിറ്റുകള്‍ രണ്‍ബീര്‍ നല്‍കി.

2012ല്‍, രണ്‍ബീര്‍ തന്റെ ആദ്യ 100 കോടി ഹിറ്റ് ബര്‍ഫിയിലൂടെ സ്വന്തമാക്കി. അത് ആഭ്യന്തര ബോക്സ് ഓഫീസില്‍ 112 കോടി നേടി. അടുത്ത വര്‍ഷം യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിലൂടെ രണ്‍ബീര്‍ അത് തുടര്‍ന്നു, അത് ഇന്ത്യയില്‍ 188.50 കോടി രൂപ കളക്ഷന്‍ നേടി. 2016ല്‍, രണ്‍ബീറിന്റെ 100 കോടി ഹിറ്റായ ഏ ദില്‍ ഹേ മുഷ്‌കില്‍ ഇന്ത്യയില്‍ 113 കോടി നേടി. 2018ല്‍ സഞ്ജു എന്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യയില്‍ 342.50 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കി. നാല് വര്‍ഷത്തിന് ശേഷം, ആഭ്യന്തര ബോക്‌സോഫീസില്‍ 268.50 കോടി നേടിയ ബ്രഹ്മാസ്ത്രയില്‍ അദ്ദേഹം അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം, രണ്‍ബീറിന്റെ ആദ്യ റിലീസായ ടു ജൂതി മെയ്ന്‍ മക്കാര്‍ ഇന്ത്യയില്‍ 147 കോടി നേടി, തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ റിലീസ് ആയ അനിമല്‍ ഇന്ത്യയില്‍ 554 കോടി നേടിയ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമായി.

അനിമലിന് ശേഷമുള്ള രണ്‍ബീറിന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിതേഷ് തിവാരിയുടെ രാമായണത്തില്‍ ശ്രീരാമനായി നടന്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. സീതയെയും രാവണനെയും അവതരിപ്പിക്കുന്നത് സായി പല്ലവിയും യാഷും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഭാഗങ്ങളായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ഏപ്രിലില്‍ രാമനവമി ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്.