കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു.
എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹമോചനം നേടിയെങ്കിലും പ്രൊഫഷണലായും വ്യക്തിപരവുമായ ബന്ധം ഇരുവരും കാത്തു സൂക്ഷിയ്ക്കുന്നുണ്ട്. അത് ഓരോ ദിവസവും കൂടുതല്‍ ദൃഡമാകുന്നതായാണ് ആരാധകര്‍ കണ്ടെത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആമിര്‍ തന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കിരണ്‍ റാവുവിനോടുള്ള തന്റെ ആരാധനയും 16 വര്‍ഷം ഒരുമിച്ച് ജീവിച്ചപ്പോഴുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ”കിരണ്‍ എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനായി തോന്നുന്നു. ഞങ്ങള്‍ 16 മനോഹരമായ വര്‍ഷങ്ങള്‍ ഒരുമിച്ച് ചെലവഴിച്ചു. ഞാന്‍ അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവര്‍ ഒരു അത്ഭുതകരമായ വ്യക്തിയാണ്. മാത്രമല്ല അവര്‍ ഒരു മികച്ച സംവിധായിക കൂടിയാണ്.”- ആമിര്‍ ഖാന്‍ തുറന്നു പറയുന്നു.
2005 ഡിസംബര്‍ 28-നാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരായത്. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ജൂലൈയില്‍ അവര്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷവും അത്തരമൊരു ബന്ധം തുടരുന്നത് എങ്ങനെയെന്ന് ആമിര്‍ഖാനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ”രഹസ്യമൊന്നുമില്ല. അവള്‍ ഒരു മികച്ച വ്യക്തിയാണ്, ഞാനും അങ്ങനെ തന്നെ. അതിനാല്‍ ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് കൂടുന്നു. ഞങ്ങള്‍ പരസ്പരം ശരിക്കും സ്‌നേഹിക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങളുടെ ബന്ധത്തില്‍ ഒരു മാറ്റം വന്നിട്ടുണ്ടാകാം. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ട് എന്നല്ല ” – ആമിര്‍ പറഞ്ഞു.