ഗുരുഗ്രാമിൽ മാസം 25,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയ ഡ്രൈവർ, ഇപ്പോൾ പ്രതിമാസം 60,000 രൂപയോളം വരുമാനം നേടുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. താൻ മാസം 50,000 മുതൽ 60,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അതിൽ 40,000 മുതൽ 45,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും ഇദ്ദേഹം ഒരു യാത്രക്കാരനോട് വെളിപ്പെടുത്തുകയായിരുന്നു. ആകാശ് എന്ന യാത്രക്കാരൻ പങ്കുവെച്ച ഈ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
തനിക്ക് വലിയ വിദ്യാഭ്യാസമില്ലെങ്കിലും ഈ ഓട്ടോറിക്ഷാ വരുമാനത്തിലൂടെ തന്റെ മൂന്ന് മക്കളെയും മികച്ച രീതിയിൽ പഠിപ്പിക്കാൻ ഈ ഡ്രൈവർക്ക് സാധിക്കുന്നുണ്ടെന്ന് ആകാശ് പങ്കുവെച്ചു. വലിയ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും സ്വന്തം അധ്വാനത്തിലൂടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്ന ഈ ഓട്ടോ ഡ്രൈവറുടെ കഥ ഏറെ ഹൃദയസ്പർശിയാണെന്ന് ആകാശ് കുറിച്ചു. സാധാരണയായി ഓഫീസിൽ നിന്ന് മടങ്ങാൻ ടാക്സി കാറുകളെ ആശ്രയിക്കുന്ന താൻ, അന്ന് യാദൃശ്ചികമായാണ് ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയ്ക്കിടയിൽ സാധാരണ രീതിയിൽ തുടങ്ങിയ സംഭാഷണം പിന്നീട് വലിയൊരു തിരിച്ചറിവായി മാറുകയായിരുന്നു. വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡ്രൈവർ നൽകിയ മറുപടി തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ആകാശ് ഓർത്തെടുത്തു.
എല്ലാ ചെലവുകളും കഴിഞ്ഞ് മാസം 45,000 രൂപയോളം കയ്യിൽ കിട്ടാറുണ്ടെന്നാണ് ഡ്രൈവർ വ്യക്തമാക്കിയത്. മുൻപ് ഗുഡ്ഗാവിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി 25,000 രൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ദിവസവും എട്ട് മണിക്കൂർ മാത്രം ഓട്ടോ ഓടിച്ചുകൊണ്ട് 1,500 മുതൽ 2,000 രൂപ വരെ ഇദ്ദേഹം സമ്പാദിക്കുന്നുണ്ട്. സാധാരണക്കാർക്ക് സ്വന്തം അധ്വാനത്തിലൂടെ മികച്ച ജീവിതം കെട്ടിപ്പടുക്കാൻ ഇത്തരം തൊഴിലുകൾ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ സംഭവമെന്ന് ആകാശ് കൂട്ടിച്ചേർത്തു.
ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. തന്നേക്കാൾ മികച്ച ജീവിതമാണ് ഈ ഓട്ടോ ഡ്രൈവർ നയിക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, ബംഗളൂരുവിലേക്ക് വന്നാൽ ഇതിലും വലിയ വരുമാനം നേടുന്ന ഓട്ടോ ഡ്രൈവർമാരെ കാണാമെന്നും അവിടെയുള്ളവർ മാസം രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നുമാണ് മറ്റൊരാൾ കുറിച്ചത്.




