Crime

ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; പരാതിയുമായി സ്റ്റേഷനില്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

രിംനഗറിലുള്ള ലൈബ്രറിയിലെ തൂപ്പുകാരനായ സമ്പത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയകേസില്‍ ഭാര്യ രമാദേവിയാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞു. കാമുകന്റേയും അടുത്തബന്ധുവിന്റേയും സഹായത്തോടെയാണ് ആസൂത്രിതമായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.

കൊലപാതകം മറയ്ക്കാന്‍ രമാദേവിയും കൂട്ടാളികളും സമ്പത്തിനെ അന്വേഷിക്കുന്നതായി നടിക്കുകയും പിന്നീട് മൃതദേഹം “കണ്ടെത്തുകയും” ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

കരിംനഗറിലെ ഒരു ലൈബ്രറിയിലെ തൂപ്പുജോലിക്കാരനായിരുന്നു സമ്പത്ത്. പലഹാരം വിറ്റാണ് രമാദേവി വരുമാനം കണ്ടെത്തിയിരുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. സമ്പത്ത് മദ്യത്തിന് അടിമയായിരുന്നുവെന്നും ഭാര്യയെ പതിവായി ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനിടെയാണ് പലഹാരം വാങ്ങിയിരുന്ന രാജയ്യയുമായി രമാദേവി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് സമ്പത്തിനെ ഒഴിവാക്കി രാജയ്യക്കൊപ്പം ജീവിക്കാന്‍ ഇരുവരും പദ്ധതി തയാറാക്കുകയായിരുന്നു. രാജയ്യയുടെ ബന്ധുവായ ശ്രീനിവാസിനേയും സഹായത്തിന് കൂട്ടി.

ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരിക്കുമെന്ന് യൂട്യൂബ് വിഡിയോകളില്‍ നിന്നുമാണ് രമാദേവി മനസിലാക്കിയത്. ഭര്‍ത്താവിനെ ഇതേരീതിയില്‍ കൊല്ലണമെന്ന് രമാദേവി കാമുകനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 29ന് രാജയ്യയും ശ്രീനിവാസും സമ്പത്തിനെ മദ്യപിക്കാനായി ക്ഷണിച്ചു. ബൊമ്മക്കല്‍ ഫ്ലൈഓവറിന് കീഴിലിരുന്നു മൂവരും മദ്യപിച്ചു. അമിതമായി മദ്യപിച്ച സമ്പത്തിന്‍റെ ബോധം പോയി. ഇതോടെ കയ്യില്‍ കരുതിയിരുന്ന കീടനാശിനി ചെവിയില്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വിവരം രമാദേവിയെ അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയതായി രമാദേവി തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് രമാദേവിയുടെ ഫോണ്‍കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രമാദേവിയേയും രാജയ്യയേയും ശ്രീനിവാസിനേയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ചൊവ്വാഴ്ച റൂറൽ പോലീസ് സ്റ്റേഷനിൽ പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയ കരിംനഗർ പോലീസ് കമ്മീഷണർ ഗൗഷ് ആലം, രമാദേവി, രാജയ്യ, ശ്രീനിവാസ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പറഞ്ഞു.