Crime

‘ 14കാരിയെ പീഡിപ്പിച്ചത് കയ്യുംകാലും കൂട്ടിക്കെട്ടി, 16 കാരന്‍ വീട്ടിലെത്തിയത് കയ്യില്‍ ചോരയുമായി

മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരന്‍ മൊഴി നല്‍കി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

മലപ്പുറം വാണിയമ്പലത്ത് നാടികെ നടുക്കിയ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൈകള്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.. യൂണിഫോമില്‍ ഇന്നലെ സ്കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയെ കാണാതായെങ്കിലും വൈകിട്ടോടെയാണ് വിവരം അറിയുന്നതും തിരച്ചില്‍ ആരംഭിക്കുന്നതും. 

പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നിന്നും 10- 15 കിലോമീറ്റർ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കാട് മൂടിയ ഒറ്റപ്പെട്ടപ്രദേശമാണിത്. പെണ്‍കുട്ടിയുടെ മൃതദേഹം കൈകൾ ബന്ധിച്ച നിലയിലായിരുന്നു. കുട്ടിയുടെ ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാണ് കൈകൾ ബന്ധിച്ചതെന്നാണ് സൂചന. 

പെണ്‍കുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാല്‍ 16 കാരനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഇന്നലെ വൈകീട്ട് മുതലെ ആരംഭിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ 16 കാരന്‍ തൊടിയപ്പുലം റെയിൽവേ സ്റ്റേഷന് 300 മീറ്റർ അകലെയുള്ള വീട്ടിലെത്തിയിരുന്നു. 

വണ്ടൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ 16കാരന്‍ വീട്ടില്‍ നിന്നും വെള്ളം ചോദിച്ചു. പൊലീസിനെ കണ്ട് ഓടിയതാണെന്നാണ് ആണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഈ സമയം 16കാരന്‍റെ കയ്യില്‍ ചോരയുണ്ടായിരുന്നു. വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. 

അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒറ്റക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 16കാരന്‍ നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.

ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഒടുവില്‍ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആണ്‍കുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ 16കാരന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ആണ്‍കുട്ടിയുള്ളത്.