ഫിറ്റ്നസ് കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് മലൈക അറോറ. 51-ാം വയസ്സിലും യുവത്വമുള്ള ശരീരവും ആരോഗ്യവും നിലനിർത്താൻ അവർ ശ്രദ്ധിക്കുന്നു.
ഓഗസ്റ്റ് 22-ന് യൂട്യൂബിൽ പുറത്തിറങ്ങിയ സോഹ അലി ഖാൻ്റെ ‘ഓൾ എബൗട്ട് ഹെർ’ എന്ന പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ, ഫിറ്റ്നസ്, വെൽനസ്, ഡയറ്റ് എന്നിവയെക്കുറിച്ച് സംസാരിക്കാൻ മലൈകയും പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ റുജുത ദിവേകറും ഒത്തുകൂടി. തൻ്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്തുന്നു എന്നതിനെക്കുറിച്ചും മലൈക മനസ്സ് തുറന്നു. മലൈകയുടെ അതിശയിപ്പിക്കുന്ന ഈ ലുക്കിൻ്റെ രഹസ്യം എന്താണെന്ന് സോഹ ചോദിച്ചപ്പോൾ മലൈകയുടെ മറുപടി ഇങ്ങനെയായിരുന്നു:
“ഞാൻ ‘വോക്കൽ ഫോർ ലോക്കൽ’ (പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക) എന്നതിൽ വിശ്വസിക്കുന്നു. നെയ്യാണ് എൻ്റെ സൂപ്പർഫുഡ്. ഇത് എൻ്റെ ജീവിതത്തിൽ ഞാൻ എപ്പോഴും പ്രാധാന്യം നൽകിയ ഒന്നാണ്. ഞാൻ എൻ്റെ ജീവിതത്തിൽ ഉൾപ്പെടുത്തിയ പല കാര്യങ്ങളും ‘വോക്കൽ ഫോർ ലോക്കൽ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്,” മലൈക പറഞ്ഞു.’
” അതായത് വളരെ ലളിതമായ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. നെയ്യാണ് എൻ്റെ സൂപ്പർഫുഡ്. റുജുത പ്രചരിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇതെല്ലാം, ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ ഇത് ചെയ്തുപോന്നിട്ടുള്ളതാണ്,” മലൈക കൂട്ടിച്ചേർത്തു.
“ഉറക്കം, വെള്ളം, അച്ചടക്കം, സ്ഥിരത എന്നിവയെല്ലാം കേവലം വാക്കുകളാണ്, എന്നാൽ നിങ്ങൾ ഇവ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ വലിയ മാറ്റങ്ങൾ സംഭവിക്കും. ഞാൻ ഈ തത്വങ്ങൾ പിന്തുടർന്നാണ് ജീവിക്കുന്നത്.” പ്രായത്തെക്കുറിച്ച് മലൈക ഇങ്ങനെ പ്രതികരിച്ചു: “എനിക്ക് 51 വയസ്സായി, പക്ഷെ ഇത് വെറുമൊരു നമ്പർ മാത്രമാണെന്ന് എനിക്ക് തോന്നുന്നു. പ്രായം എന്നെ നിർവചിക്കുന്ന ഒന്നല്ല, ഈ രീതിയിൽ ജീവിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ഞാൻ കരുതുന്നു.”




