സംരംഭകനായ കിരൺ വർമ്മ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടൽ, പ്രായത്തിന്റെ പേരിൽ ജോലി നിഷേധിക്കൽ, അനുഭവസമ്പന്നരായ ആളുകൾ ജോലി നഷ്ടപ്പെട്ടതിന് ശേഷം നേരിടുന്ന കടുത്ത പ്രതിസന്ധികൾ എന്നിവയെക്കുറിച്ചാണ് ഈ കുറിപ്പ് സംസാരിക്കുന്നത്. നോയിഡയിൽ വെച്ച് തനിക്ക് പാർസൽ എത്തിച്ചുതരാൻ വന്ന 56 വയസ്സുള്ള ഒരു ഡെലിവറി പങ്കാളിയുമായുള്ള കൂടിക്കാഴ്ചയാണ് കിരൺ പങ്കുവെച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ 14 വർഷം ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം പിരിച്ചുവിടപ്പെട്ടത്.
നോയിഡയ്ക്കുള്ളിൽ ഒരു അടിയന്തിര കത്ത് അയക്കുന്നതിനായി 40 രൂപ നിരക്കിൽ കിരൺ ഒരു ഡെലിവറി ബുക്ക് ചെയ്തിരുന്നു. കത്ത് വാങ്ങാനായി എത്തിയത് പ്രായമായ ഒരു ഡെലിവറി ജീവനക്കാരനായിരുന്നു. താൻ ഒന്നാം നിലയിലായതിനാലും യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനാലും കത്തുമായി മുകളിലേക്ക് വരാൻ കിരൺ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും മനോജ് എന്ന് പേരുള്ള ആ ഡെലിവറി ജീവനക്കാരൻ പടികൾ കയറി മുകളിലെത്തി. കുടിക്കാൻ വെള്ളം വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ച് പുഞ്ചിരിയോടെ അദ്ദേഹം കത്ത് വാങ്ങി.
“ഇന്ന് ഒട്ടും പണിയുണ്ടായിരുന്നില്ല, ഒരു ഡെലിവറി ഓർഡറിനായി കാത്തിരിക്കുകയായിരുന്നു ഞാൻ,” എന്ന് അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ വസ്ത്രം ധരിക്കുകയും മാന്യമായി സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട്, അദ്ദേഹം തിരിച്ചുപോകാൻ ഇറങ്ങിയപ്പോൾ കിരൺ വീണ്ടും അകത്തേക്ക് വിളിച്ച് അല്പം വിശ്രമിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് നടത്തിയ സംഭാഷണത്തിലാണ് താൻ ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 14 വർഷത്തോളം ജോലി ചെയ്തിരുന്നുവെന്നും, 2023-ൽ കമ്പനി ജീവനക്കാരെ വെട്ടിക്കുറച്ചപ്പോൾ തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്നും മനോജ് വെളിപ്പെടുത്തിയത്. അദ്ദേഹം ജോലിയിൽ നിന്ന് പുറത്താക്കപ്പെടാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അദ്ദേഹം പറഞ്ഞ ഒരു കാര്യം കിരണിന്റെ മനസ്സിൽ തങ്ങിനിന്നു.
“മകനേ, നമ്മൾ കറി വെയ്ക്കുമ്പോൾ കറിവേപ്പിലയാണ് ആദ്യം ഇടുക, എന്നാൽ കറി കൂട്ടി ചോറുണ്ണുമ്പോൾ ആദ്യം എടുത്തു മാറ്റുന്നതും ഇതേ കറിവേപ്പില തന്നെയാണ്,” എന്നായിരുന്നു കമ്പനികൾ ജീവനക്കാരെ കൈവിടുന്നതിനെക്കുറിച്ച് മനോജ് ഉപമിച്ചത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം പിന്നീട് മറ്റൊരു മുഴുവൻ സമയ ജോലി കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്നും, അതുകൊണ്ടാണ് ജീവിക്കാൻ വേണ്ടി ഈ പ്രായത്തിലും ഡെലിവറി ജോലിയിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയാക്കുന്നതിന് മുൻപ് ഡെലിവറി ചാർജ്ജിനേക്കാൾ കൂടുതൽ തുക കിരൺ അദ്ദേഹത്തിന് സമ്മാനമായി നൽകി. ആഗ്രഹിച്ച പലതും ചെയ്യാൻ കഴിയാതെ, ജീവിതം നമുക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുമ്പോൾ യാഥാർത്ഥ്യത്തെ നേരിടുക എന്നത് എത്രമാത്രം കഠിനമാണെന്ന് ഈ സംഭവത്തിന് ശേഷം കിരൺ കുറിച്ചു.
ഈ പോസ്റ്റ് വൈറലായതോടെ പ്രൊഫഷണലുകളും റിക്രൂട്ടർമാരും സ്റ്റാർട്ടപ്പ് സ്ഥാപകരുമടക്കം നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. തങ്ങളുടെ ടീമംഗത്തിന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിന് പോർട്ടർ കമ്പനിയും നന്ദി അറിയിച്ചു. അനുഭവസമ്പന്നരായ പ്രൊഫഷണലുകളുടെ സംഭാവനകളെ കമ്പനികൾ എത്രമാത്രം വിലകുറച്ചാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്ന ശക്തമായ കഥയാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പല മനുഷ്യരും നമുക്കറിയാത്ത വലിയ ജീവിതസമരങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, അവരോട് അല്പം ദയയോടും സഹാനുഭൂതിയോടും കൂടി പെരുമാറാൻ നമ്മൾ തയ്യാറാകണമെന്നും ആളുകൾ കമന്റ് ചെയ്തു.




