ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു ശർമ്മ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ യുവതിയെ ശല്യം ചെയ്യുകയും സൗഹൃദത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യുവതി താല്പര്യമില്ലെന്ന് അറിയിച്ചിട്ടും ഇയാൾ ശല്യം തുടരുകയും സുഹൃത്തായ പ്രിയങ്ക പ്രസാദ് വഴി യുവതിയെ സമീപിക്കാൻ ശ്രമിക്കുകയും ചെയ്തു. കേരളത്തിലെ കോട്ടയം സ്വദേശിനിയായ യുവതി മാർച്ച് 12-ന് പുലർച്ചെ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഹോസ്റ്റലിലെത്തി പ്രതിയെ വേഗത്തിൽ അറസ്റ്റ് ചെയ്തു.
ഹോസ്റ്റൽ പരിസരത്ത് വെച്ച് ഇയാൾ തങ്ങളെ ചീത്ത വിളിച്ചതായും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശങ്ങൾ നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തർക്കത്തിനിടെ തന്നെയും സുഹൃത്തിനെയും പ്രതി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.




