മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മിശ്രവിവാഹം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. ഗംഗാനഗർ സ്വദേശിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഗംഗാനഗർ-മവാന റോഡിലെ റിസോർട്ടിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പേരിനെച്ചൊല്ലി വിവാദമുണ്ടാവുകയും ഇത് ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
അഖില ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന വിവാഹവേദിക്ക് പുറത്ത് ‘മഹാപഞ്ചായത്ത്’ നടത്താൻ ആഹ്വാനം ചെയ്തതോടെ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷം ഭയന്ന് റിസോർട്ട് മാനേജ്‌മെന്റ് ബുക്കിംഗ് റദ്ദാക്കിയതോടെയാണ് വിവാഹം മാറ്റിവെക്കേണ്ടി വന്നത്.
മതപരിവർത്തനവും വഞ്ചനയും ആരോപിച്ച് യുവതിയുടെ അമ്മാവൻ ഗംഗാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 9-ന് രജിസ്റ്റർ ചെയ്ത പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. വിവാഹ കാർഡിലെ പേരുകളിലെ വ്യത്യാസമടക്കമുള്ള ആരോപണങ്ങൾ നിയമപരമായി പരിശോധിക്കുമെന്ന് റൂറൽ എസ്പി അഭിജിത് കുമാർ അറിയിച്ചു. അതേസമയം, പ്രതിഷേധം തടയാൻ തങ്ങളെ വീട്ടുതടങ്കലിലാക്കിയെന്ന് ഹിന്ദു സംഘടന ഭാരവാഹികൾ ആരോപിച്ചെങ്കിലും സമാധാനം നിലനിർത്താനുള്ള മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വരന്റെ പേര് ‘സാഹിൽ’ എന്ന് വിവാഹ കാർഡിൽ അച്ചടിച്ചതും പിന്നീട് ‘ഷാവേസ്’ എന്ന പേര് പുറത്തുവന്നതുമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് ഹിന്ദു സുരക്ഷാ സംഘടനയുടെ ദേശീയ അധ്യക്ഷൻ സച്ചിൻ സിരോഹി പറഞ്ഞു.
എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച യുവതി, താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി തനിക്ക് യുവാവിനെ അറിയാമെന്നും രണ്ട് കുടുംബങ്ങൾക്കും ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ‘സാഹിൽ’ എന്നത് തന്റെ അമ്മ വിളിക്കുന്ന ഓമനപ്പേരാണെന്നും പേര് മറച്ചുവെച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2023-ൽ പിതാവ് മരിച്ചതിനെത്തുടർന്ന് അമ്മാവനുമായി നിലനിൽക്കുന്ന സ്വത്തുതർക്കമാണ് പരാതിക്ക് പിന്നിലെന്നും തന്നെയും പങ്കാളിയെയും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും യുവതി അഭ്യർത്ഥിച്ചു. താൻ ബുദ്ധമത വിശ്വാസിയാണെന്നും വിവാഹം ബുദ്ധമതാചാരപ്രകാരം നടത്താനാണ് നിശ്ചയിച്ചിരുന്നതെന്നും പറഞ്ഞ അവർ, എന്തിനാണ് ഇതിനെ ഹിന്ദു-മുസ്ലിം വിഷയമായി ചിത്രീകരിക്കുന്നതെന്നും ചോദിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സമാധാനത്തിന് ഭംഗം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.




