ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടുത്തെ ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് ഇയാള് തന്റെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞത്.
∙ രണ്ട് വീട് ഒരു ഫ്ലാറ്റ്, നിരവധി വാഹനങ്ങൾ വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറിൽ മൂന്ന് നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും തനിക്കുണ്ടെന്ന് മൻകിലാൽ പറയുന്നു.
ഇതുകൂടാതെ ഇദ്ദേഹത്തിന്റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ട്. സെഡാൻ കാറിലാണ് പലപ്പോഴും മൻകിലാൽ ഭിക്ഷയാചിക്കാൻ എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറിനെയും നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ പണം പലിശയ്ക്ക് വായ്പ നൽകിയും പണം സമ്പാദിക്കുന്നു. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. ഭിക്ഷക്കാരന്റെ സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.




