Travel

KTM ബൈക്കില്‍ ലോകം ചുറ്റല്‍; 118 ദിവസം, 17 രാജ്യങ്ങള്‍; ഇന്ത്യക്കാരന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടു

ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ ഇന്ത്യന്‍ ബൈക്കര്‍ 17 രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം മോട്ടോര്‍ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് സഹായം തേടുന്നു. മുംബൈയില്‍ നിന്നുള്ള ബൈക്കര്‍ യോഗേഷ് അലേക്കരിയാണ് തന്റെ കെടിഎം മോട്ടോര്‍സൈക്കിളില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങി ദുരിതത്തിലായത്. ഇപ്പോള്‍ ഇംഗ്‌ളണ്ടില്‍ വെച്ചായിരുന്നു ഇയാളുടെ ബൈക്ക് മോഷണം പോയത്.

യാത്ര 2025 മെയ് 1-ന് മുംബൈയില്‍ നിന്ന് ആരംഭിച്ചു. 118 ദിവസത്തിനുള്ളില്‍ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്ററിലധികം ദൂരം അദ്ദേഹം പിന്നിട്ടു. അടുത്തതായി ആഫ്രിക്കയിലേക്ക് യാത്ര തുടരാന്‍ അദ്ദേഹം പദ്ധതിയിട്ടിരിക്കെയാണ് ബൈക്ക് പോയത്. ഓഗസ്റ്റ് 31-ന് യോഗേഷ് ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനായി ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ എത്തിയിരുന്നു. വൊല്ലാറ്റന്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ അദ്ദേഹം തന്റെ ബൈക്ക് ഒരു നിമിഷം ശ്രദ്ധിക്കാതെ വെച്ചു. ഈ സമയം, നാല് പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും പണവും മറ്റു രേഖകളും ഇലക്ട്രിക് ഉപകരണങ്ങളും അടങ്ങിയ ബൈക്ക് മോഷ്ടിച്ചു.

മോഷ്ടാക്കള്‍ ഹാമര്‍ ഉപയോഗിച്ച് ബൈക്കിന്റെ ലോക്ക് തകര്‍ക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ യോഗേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മോഷണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് യോഗേഷ് തന്റെ ഫോളോവേഴ്സിന്റെ സഹായം തേടുകയാണ്. അധികാരികളുടെ ശ്രദ്ധയില്‍പ്പെടു ത്താനായി വീഡിയോ പ്രചരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യാത്ര തുടരുന്നതിനോ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനോ വേണ്ടി ബൈക്കും രേഖകളും തിരികെ ലഭിക്കുന്നതിനാണ് അദ്ദേഹം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍, കുടിയേറ്റ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി തടസ്സങ്ങളാണ് അദ്ദേഹം നേരിടുന്നത്. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ മോഷണവിവരം ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്മ്യൂണിറ്റികളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ടീം-ബിഎച്ച്പി ഫോറം പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കള്‍ യോഗേഷിന് പിന്തുണയുമായി രംഗത്തെത്തി. അടിയന്തര സഹായത്തിനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാന്‍ ഇന്ത്യന്‍ ബൈക്കര്‍മാരും വാഹനപ്രേമികളും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകം ചുറ്റുന്ന ഒരു ബൈക്കറുടെ വാഹനം യുകെയില്‍ നിന്ന് മോഷണം പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത യൂട്യൂബറും ബൈക്കറുമായ ഇച്ചി ബൂട്ട്സിനും വെയില്‍സിലെ സ്വാന്‍സിയില്‍ വെച്ച് സമാനമായ അനുഭവം നേരിട്ടിരുന്നു.