Oddly News

20-ാം നിലയിലെ ആത്മഹത്യാ ശ്രമം; നെഞ്ചിടിപ്പോടെ ലോകം! മരണത്തിന് വിട്ടുകൊടുക്കാതെ മൂന്ന് യുവാക്കൾ- വീഡിയോ

ദക്ഷിണ കൊറിയയിലെ സോളിനടുത്തുള്ള ഗംഗ്നം സ്റ്റേഷന് സമീപം നടന്ന ഒരു നാടകീയമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ബഹുനില കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ യോക്സാം-ഡോംഗ് മേഖലയിലെ ഒരു കെട്ടിടത്തിലാണ് ഈ സംഭവം നടന്നത്. കെട്ടിടത്തിന്റെ ഇരുപതാം നിലയുടെ അരികിൽ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ട ഒരു വഴിയാത്രക്കാരൻ ഉടനടി ഇടപെടുകയായിരുന്നു. യുവതി താഴേക്ക് ചാടാൻ ശ്രമിച്ച നിമിഷം തന്നെ അദ്ദേഹം കൈകളിൽ പിടുത്തമിട്ടു. ഒരു കൈകൊണ്ട് യുവതിയുടെ കയ്യിലും മറു കൈകൊണ്ട് തലമുടിയിലും മുറുകെ പിടിച്ചാണ് അദ്ദേഹം അവരെ താഴേക്ക് വീഴാതെ താങ്ങിനിർത്തിയത്. ഉടൻ തന്നെ മറ്റൊരാൾ കൂടി സഹായത്തിനെത്തുകയും ഇരുവരും ചേർന്ന് അവരെ സുരക്ഷിതമായി ഉള്ളിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു.

മെയ് 5-ന് ഉച്ചയ്ക്ക് 1:36-ഓടെയാണ് അധികൃതർക്ക് ഇത് സംബന്ധിച്ച അടിയന്തര സന്ദേശം ലഭിച്ചത്. ഇതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പോലീസും ഉൾപ്പെടെ 71 പേരും 19 അടിയന്തര വാഹനങ്ങളും സ്ഥലത്തെത്തി. മുൻകരുതൽ നടപടിയായി കെട്ടിടത്തിന് താഴെ വലിയ എയർ മാറ്ററസ്സും അധികൃതർ സജ്ജീകരിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിൽ യുവതിയെ സുരക്ഷിതമായി താഴെയിറക്കി. വഴിയാത്രക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു.