കൊലപാതകശ്രമത്തില്‍ പ്രതിയായി പെണ്‍വേഷം കെട്ടി പോലീസിനെ പറ്റിച്ചിരുന്നയാളെ നാലു മാസത്തെ തെരച്ചിലിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ പോലീസ് സ്ത്രീ വേഷത്തില്‍ സാരിയും ബ്ലൗസും മംഗല്യസുത്രമൊക്കെ ധരിച്ച് ദിവസങ്ങളോളം പോലീസിനെ കബളിപ്പിച്ചു നടന്നിരുന്ന 35 കാരനായ ദയാശങ്കര്‍ ചൗരിയ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ തന്റെ ശരീരത്തിലെ രോമവും വടിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖറ ബസാര്‍ ഹരിജന്‍ ബസ്തി സ്വദേശിയായ ഒരാളെ ആക്രമിച്ച കേസിലായിരുന്നു ഇയാളെ പോലീസ് തെരഞ്ഞിരുന്നത്. ബ്‌ളൗസും പെറ്റിക്കോട്ടും മംഗളസൂത്രവും കഴുത്തില്‍ ധരിച്ചിരുന്നു. പോലീസുകാര്‍ വീട്ടില്‍ വരുമ്പോഴെല്ലാം പര്‍ദ്ദ മുഖത്തേക്ക് വലിച്ചിറക്കി ദയാശങ്കര്‍ വീട്ടിലില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒരു പോലീസ് ഇന്‍ഫോര്‍മര്‍ ഈ നാടകം പൊളിച്ചു.
പോലീസ് ഇയാളെ നിരീക്ഷിക്കുകയും അവസരം വന്നപ്പോള്‍ പിടികൂടുകയുമായിരുന്നു. വ്യാഴാഴ്ച സാരി ധരിച്ച് മുഖം മറച്ച് വീട്ടില്‍ നിന്ന് കൊണ്ടുപോയി. ഫെബ്രുവരിയില്‍ നടന്ന ഒരു അടിപിടിക്കേസില്‍ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തിരുന്നയാളാണ് ഇയാള്‍. കേസില്‍ മുങ്ങിനടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പിടിയിലായിരിക്കുന്നത്.




