Travel

ഫിലിപ്പീന്‍സുകാരി, പ്രായം 79, ഇതുവരെ സഞ്ചരിച്ചത് 193 രാജ്യങ്ങള്‍, 60 വര്‍ഷവും ചെയ്ത പ്രധാനകാര്യം ലോകയാത്രകള്‍

നിങ്ങളുടെ ജീവിതകാലം മൊത്തമെടുത്താലും എത്ര രാജ്യം പരമാവധി സന്ദര്‍ശിച്ചിരിക്കും. നാലോ അഞ്ചോ അല്ലെങ്കില്‍ അങ്ങേയറ്റം പത്ത്. പക്ഷേ 79 വയസ്സുള്ള ഫിലിപ്പീന്‍സുകാരി ലൂയിസ യൂ ആറു ദശകത്തിനിടയില്‍ സഞ്ചരിച്ചത് 193 രാജ്യങ്ങളാണ്. മധുരപ്പതിനേഴില്‍ മറ്റുള്ളവര്‍ പ്രണയത്തിലും മറ്റും മുഴുകുന്ന പ്രായത്തില്‍ യൂ പ്രണയിച്ചത് യാത്രകളെയായിരുന്നു.

തന്റെ ജീവിതത്തിന്റെ നല്ലൊരുപങ്കും യാത്രയ്ക്കായി വിനിയോഗിച്ച യു അവസാനമായി യാത്ര ചെയ്തത് 2023 ല്‍ സെര്‍ബിയയിലായിരുന്നു.
അമേരിക്കയിലേക്കുള്ള അവരുടെ യാത്രകള്‍ക്ക് പ്രചോദനം ഹോളിവുഡും അമേരിക്കന്‍ വെസ്‌റ്റേണ്‍ ടെലിവിഷന്‍ ഷോകളുമായിരുന്നു. ഇത്രയും കാലത്തെ യാത്രകള്‍ക്കിടയില്‍ യൂ വിന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങള്‍ തന്റെ സ്വന്തം ഫിലീപ്പീന്‍സും മനോഹരമായ തായ്‌ലന്റും പിന്നെ ഇറ്റലിയുമാണ്. യാത്രകള്‍ സാധ്യമാക്കുന്ന രീതിയിലാണ് യൂ ജോലിയും ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ജോലികള്‍ ഇതുവരെ ചെയ്ത യു ആദ്യം ചെയ്തത് റീയല്‍ എസ്‌റ്റേറ്റ് ലൈസന്‍സ് ആയിരുന്നു. പിന്നീട് അന്താരാഷ്ട്ര യാത്രകള്‍ ക്രമീകരിക്കുന്ന ട്രാവല്‍ ഏജന്റായി മാറി.

ഹിമാലയത്തിലും ആഫ്രിക്കന്‍ സമതലങ്ങളിലും ലോകത്തിന്റെ അതിശയങ്ങള്‍ തിരഞ്ഞ യു വടക്കന്‍ കാകസും പാകിസ്താനിലെ കലാഷ് ഉത്സവവും ആസ്വദിച്ചു. ഇതുവരെ സന്ദര്‍ശിച്ചവയില്‍ സുന്ദരനായ ഇറ്റലിയേയും വിസ്മയിപ്പിക്കുന്ന ലാന്റ് സ്‌കേപ്പ് വരുന്ന തായ്‌ലന്റും അതിശയിപ്പിച്ച രാജ്യങ്ങളാണെന്ന് ഇവര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന യു വിന് യാത്ര ചെയ്തു മതിയാകുന്നില്ല. തുടര്‍ച്ചയായുള്ള യാത്രകള്‍ക്കിടയില്‍ കോവിഡ് അല്‍പ്പം ഇടവേള വരുത്തിയെങ്കിലും ലോകം അതിനെ മറികടന്നപ്പോള്‍ യു വീണ്ടും യാത്രയെ തിരിച്ചുപിടിച്ചു. 80 വയസ്സായിട്ടും ഭൂമിയെ എക്‌സ്‌പ്ലോര്‍ ചെയ്തു തീര്‍ന്നില്ല. താന്‍ കണ്ട രാജ്യങ്ങളുടെ പട്ടിക 195 ആക്കാനുള്ള നീക്കത്തിലാണ് യു.

യാത്രകളില്‍ തീരെ ഇഷ്ടമില്ലാത്തത് ബീച്ചുകളും റിസോര്‍ട്ടുകളുമല്ലാതെ ഒന്നുമില്ലാത്ത ദ്വീപ്‌രാജ്യങ്ങളാണ്. അവ വളരെ ബോറിംഗാണെന്ന് യു പറയുന്നു. അതുപോലെ ഒരിക്കല്‍ കൂടി പോകാന്‍ ഇഷ്ടമില്ലാത്ത സ്ഥലം ആള്‍ക്കാര്‍ കലഹിക്കുന്ന ഈജിപ്താണെന്നും പറയുന്നു.