Celebrity

‘എന്റെ ശരീരത്തെക്കുറിച്ച് പറയാൻ മറ്റാർക്കും അവകാശമില്ല’; സിത്താർ മാന്ത്രിക അനൗഷ്ക ശങ്കർ നെഗറ്റീവ് കമന്റുകളോട്

തൻ്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രശസ്ത സിത്താർ വാദക അനൗഷ്ക ശങ്കർ. “മറ്റുള്ളവരെ വിലയിരുത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന മനുഷ്യരുടെ അഹങ്കാരം അത്ഭുതപ്പെടുത്തുന്നതാണ്,” അവർ പറഞ്ഞു. ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ നേരിട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് അനൗഷ്ക .

“എന്റെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റാർക്കും അവകാശമില്ല,” എന്ന് പറഞ്ഞുകൊണ്ട് അനൗഷ്ക ശങ്കർ ശരീരത്തിന്റെ ഉടമസ്ഥാവകാശം അഥവാ സ്വയംനിര്‍ണയാവകാശം, ആത്മാഭിമാനം, ആത്മസ്നേഹം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി.

“ഇന്ത്യൻ ക്ലാസിക്കൽ സംഗീതം വളരെ പവിത്രമാണ്. പക്ഷേ നിങ്ങളുടെ വസ്ത്രം അതിനോട് ചേരുന്നില്ല,” “ഇതൊരു സാധാരണ ഫോട്ടോ മതിയായിരുന്നു, ഇങ്ങനെയൊന്ന് വേണ്ടായിരുന്നു,” തുടങ്ങിയ അനാവശ്യ കമന്റുകൾക്ക് അനൗഷ്ക ശങ്കർ മറുപടി നൽകി. നെഗറ്റീവ് കമന്റുകളെ അവഗണിക്കുന്നതിന് പകരം, തന്റെ ശരീരത്തിന്റെ പൂർണ്ണമായ അവകാശം തനിക്കാണെന്ന് വ്യക്തമാക്കിക്കൊണ്ട് അവർ ശക്തമായ പ്രഖ്യാപനം നടത്തി.

രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതും, ലൈംഗിക അതിക്രമങ്ങളെയും പുരുഷന്മാരിൽ നിന്നുള്ള അപകടകരമായ സാഹചര്യങ്ങളെയും അതിജീവിച്ചതും, നാല് വലിയ ശസ്ത്രക്രിയകളിൽ നിന്ന് രക്ഷപ്പെട്ടതുമായ തന്റെ ശരീരത്തിന്റെ അതിജീവനത്തെക്കുറിച്ച് അവർ തുറന്നു പറഞ്ഞു . അവർ അതിനെ ഒരു “പോരാളി” എന്ന് വിശേഷിപ്പിച്ചു. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, ചെറുപ്പം മുതലുള്ള മൈഗ്രെയ്ൻ, വലിയ ശസ്ത്രക്രിയകൾ എന്നിവയുൾപ്പെടെ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ എടുത്തുപറഞ്ഞു. ഈ അനുഭവങ്ങളെല്ലാം തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റിയെന്ന് അവർ പറഞ്ഞു.“ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു, അത് അനുഭവിച്ച എല്ലാറ്റിനും അതിലുള്ള എല്ലാറ്റിനും വേണ്ടി,” അവർ എഴുതി.