Lifestyle Wild Nature

ചൂടുപറ്റി ഇരുന്നതാ … കാറിന്റെ എഞ്ചിനിൽ ഒളിച്ചിരുന്ന് കൂറ്റൻ പെരുമ്പാമ്പ് ! വീഡിയോ

ബിജ്‌നോർ (ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു വലിയ പെരുമ്പാമ്പിനെ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ഭയാനകമായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിന്റെ അടുത്തായി കാറിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടപ്പോൾ കോളനി നിവാസികൾ ഞെട്ടിപ്പോയി.

വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റ് തുറക്കുന്നതും എഞ്ചിന്റെ അടുത്തായി പാമ്പ് ഇരിക്കുന്നതും വീഡിയോയിൽ കാണാം. കയ്യുറകൾ ധരിച്ച ഉദ്യോഗസ്ഥൻ പാമ്പിനെ കഴുത്തിൽ പിടിച്ച് കാറിന്റെ ബോണറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുന്നു. പാമ്പ് വളരെ വലുതായതിനാൽ ഉദ്യോഗസ്ഥന് ഒറ്റയ്ക്ക് പുറത്തെടുക്കാൻ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന മറ്റൊരാൾ ഒരു തുണികൊണ്ട് പാമ്പിന്റെ വാലിൽ പിടിച്ച് അതിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥനെ സഹായിക്കുന്നു.

8 മുതൽ 10 അടി വരെ നീളമുള്ള പാമ്പിനെ ഉദ്യോഗസ്ഥർ ഒരു ചാക്കിലാക്കി കയറുകൊണ്ട് കെട്ടുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടയച്ചതായി റിപ്പോർട്ടുകളുണ്ട്.