ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. എന്നാല്‍ പരമാവധി പോഷകങ്ങള്‍ കിട്ടാന്‍ മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്.
ഓംലറ്റ് അടിച്ചും പുഴുങ്ങിയും ബുള്‍സൈ ആക്കിയും എന്തിന് പച്ചയ്ക്കുപോലും മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇതില്‍ ബുൾസൈ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോൾ പലപ്പോഴും മഞ്ഞക്കരു പൊട്ടിപോകുക സാധാരണയാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട എങ്ങനെ പാകം ചെയ്തെടുക്കാം? മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി എങ്ങനെയാണ് മുട്ട പൊട്ടിക്കേണ്ടതെന്ന് അറിയാം. മുട്ട ചെരിച്ചുപിടിച്ച് നടുക്കായി കത്തിയോ സ്പൂണോ വച്ച് തട്ടാം, അപ്പോള്‍ മഞ്ഞക്കരു പൊട്ടാതെ ഭംഗിയായി പാത്രത്തിലേക്ക് വീഴും.
എന്നാൽ എങ്ങനെ പിടിക്കുമ്പോഴാണ് മുട്ട എളുപ്പത്തിൽ പൊട്ടുന്നതെന്ന പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ചരിച്ചുപിടിക്കുന്ന രീതിയിൽ തിരശ്ചീനമായി മുട്ട നിലത്തു വീഴുമ്പോൾ അത് പൊട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്. ഈ സമയം മുട്ടയുടെ ഉള്ളിൽ ചെറിയ ചലനം മാത്രമേ ഉണ്ടാകുകയുള്ളൂ.
മറ്റൊരു കാര്യം മുട്ട കടകളിലേക്കും മറ്റും പാക് ചെയ്യുന്നത് കണ്ടിട്ടില്ലേ. മുട്ടയുടെ അടിഭാഗത്തിന് ബലം കൂടുതലാണെന്നാണ് പൊതുവെ കരുതിയിരിക്കുന്നത്. അതിനാൽ അങ്ങനെയാണ് പാക്കു ചെയ്യുന്നതും. എന്നാൽ ഈ രീതിയും അത്ര ശരിയല്ലെന്നാണ് ഗവേഷകരുടെ വാദം. ലംബമായി വീഴുമ്പോൾ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇരുന്നൂറിലധികം മുട്ടകൾ നിലത്തിട്ടും അല്ലാതെയും നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടുപിടിത്തം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.




