Crime

പീഡന പരാതി: ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ക്കെതിരേ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്‌ പരാതി നല്‍കി

കൊച്ചി: വേഫെറര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ക്കെതിരേ നിയമ നടപടിയുമായി വേഫെറര്‍ ഫിലിംസ്‌.കാസ്‌റ്റിങ്‌ കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനു ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്‌ടര്‍ ദിനില്‍ ബാബുവിനെതിരേ തേവര പോലീസ്‌ സ്‌റ്റേഷനിലും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയിലുമാണ്‌ വേഫെറര്‍ ഫിലിംസ്‌ പരാതി നല്‍കിയത്‌.

വേഫെറര്‍ ഫിലിംസിന്റെ കാസ്‌റ്റിങ്‌ കോളുകള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിമാത്രമേ പുറത്തു വരൂ എന്നും മറ്റു തരത്തിലുള്ള കാസ്‌റ്റിങ്‌ കോളുകള്‍ കണ്ടു വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു. ദിനില്‍ ബാബുവുമായി വേഫെറര്‍ ഫിലിംസിനു ബന്ധമില്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്‌തമാക്കി.

പനമ്പിള്ളി നഗറിലുള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വിളിച്ചു വരുത്തി ദിനില്‍ ബാബു ഒരു മുറിയിലേക്കു കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ യുവതിയുടെ പരാതി.
ഭര്‍ത്താവ്‌ തക്ക സമയത്ത്‌ അവിടെ എത്തിച്ചേര്‍ന്നതു കൊണ്ടുമാത്രമാണ്‌ രക്ഷപ്പെട്ടതെന്നും ലേഡി സ്‌റ്റാഫും പ്രഡക്ഷന്‍ ആളുകളും അവിടെ ഉണ്ടാകുമെന്ന ഉറപ്പുതന്നാണ്‌ വിളിച്ചുവരുത്തിയതെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ എറണാകുളം സൗത്ത്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. വേഫെറര്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാന്‍ വരണമെന്നും പറഞ്ഞായിരുന്നു യുവതിയെ വിളിച്ചുവരുത്തിയത്‌.