ഗോരഖ്പൂര്‍: വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് നവവധു. ശാരീരികബന്ധത്തിന് തനിക്ക് കഴിവില്ലെന്ന് വിവാഹരാത്രിയിൽ ഭർത്താവ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. മെഡിക്കൽ റിപ്പോർട്ടിൽ വരന് ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താൽ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറഞ്ഞു.
“ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹ രാത്രിയിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്,” യുവതി പോലീസിന് കൊടുത്ത പരാതിയിൽ പറയുന്നു. നവംബർ 28-നായിരുന്നു വിവാഹം.
യുപിയിലെ സമ്പന്ന കർഷക കുടുംബത്തിലെ ഏകമകനാണ് 25-കാരനായ വരൻ. ഇയാൾ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വധുവിന്റെ കുടുംബം താമസിക്കുന്ന ബെലിയാപ്പറിലെ ബന്ധുക്കൾ വഴിയാണ് വിവാഹം നിശ്ചയിച്ചത്. വിവരം പുറത്തുവന്നത് ഇങ്ങനെ: ഡിസംബർ 1-ന് ഒരു ആചാരപരമായ ചടങ്ങിനായി വധുവിന്റെ അച്ഛൻ മരുമകന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് ഭർത്താവ് സമ്മതിച്ചതായി വധു സ്വകാര്യമായി പിതാവിനോട് പറയുകയായിരുന്നു. തുടർന്ന് വരന്റെ വീട്ടുകാരെ അറിയിക്കാതെ മകളെയും കൂട്ടി ഉടൻ തന്നെ പിതാവ് സ്വന്തം വീട്ടിലേക്ക് പോയി. വരന്റെ കുടുംബം ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ഇരു കുടുംബങ്ങളും ബന്ധുവീട്ടിൽവെച്ച് പ്രശ്നം ചർച്ച ചെയ്യാനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വരന്റെ രണ്ടാം വിവാഹമാണിത്. ഇതേ കാരണത്താൽ തന്നെയാണ് ആദ്യ വിവാഹത്തിലെ ഭാര്യയും ഉപേക്ഷിച്ചുപോയത്.. തർക്കം രൂക്ഷമായതോടെ ഇരു കുടുംബങ്ങളും ഒരുമിച്ച് വരനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകാൻ ധാരണയായി. മെഡിക്കൽ റിപ്പോർട്ടിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
റിപ്പോർട്ട് അംഗീകരിക്കാൻ വരന്റെ പിതാവ് വിസമ്മതിച്ചതോടെയാണ്, വധുവിന്റെ വീട്ടുകാർ പോലീസിനെ സമീപിക്കുന്നത്. വിവാഹച്ചെലവായി നൽകിയ 7 ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളിൽ തിരികെ നൽകണമെന്ന് പോലീസിനു കൊടുത്ത പരാതിയിൽ കുടുംബം ആവശ്യപ്പെടുന്നു. പോലീസ് മധ്യസ്ഥതയിൽ വരന്റെ കുടുംബം വധുവിന്റെ കുടുംബം ആവശ്യപ്പെട്ടത് നൽകാമെന്ന് സമ്മതിച്ചു.




