Featured

കൊന്നത് എട്ടു സ്ത്രീകളെ, കണ്ടെത്തുന്നത് നഗ്നമായ നിലയില്‍ ; ആ സീരിയല്‍ കില്ലര്‍ ആരായിരുന്നു?

ബ്രിട്ടനില്‍ 1959 ജൂണ്‍ 17 ന് കീറിയ വസ്ത്രവുമായി അര്‍ദ്ധനഗ്നയായി വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ എലിസബത്ത് ഫിഗ്ഗിന്റെ കൊലപാതകത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ഇപ്പോഴും മനംപുരട്ടുന്നതാണ്. വെസ്റ്റ് ലണ്ടനിലെ ചിസ്വിക്കിലെ ലവേഴ്‌സ് ലെയ്ന്‍ എന്ന പ്രദേശത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. എലിസബത്തിന്റെ അടിവസ്ത്രവും ഷൂസും കാണാതായിരുന്നു. ലണ്ടനില്‍ അക്കാലത്ത് വലിയ ഭീതി വിതച്ച ജാക്ക് ദി സ്ട്രിപ്പര്‍ എന്നറിയപ്പെടുന്ന ഒരു സീരിയല്‍ കില്ലര്‍ കഴുത്ത് ഞെരിച്ച് കൊന്ന എട്ട് സ്ത്രീകളില്‍ ആദ്യത്തേതായിരുന്നു ഇത്. ജാക്ക് ദി സ്ട്രിപ്പറുടെ കൊലപാതക പരമ്പര പിന്നീട് സിനിമയ്ക്ക് ആധാരമാവുകയും ചെയ്തു.

ഈ സീരിയല്‍ കില്ലര്‍ ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ല. 1959 ജൂണ്‍ 17-ന് ഡ്യൂക്കിന്റെ മെഡോസില്‍ പതിവ് പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സൈക്കോളജിക്കല്‍ പശ്ചാത്തലം വരുന്ന കുപ്രസിദ്ധമായ ‘ഹാമര്‍സ്മിത്ത് നഗ്ന കൊലപാതകങ്ങള്‍’ ആരംഭിച്ചത്. മൃതദേഹം വലിച്ചെറിയുന്നതിന് മുമ്പ് ഇടപാടുകാരന്‍ കൊലപ്പെടുത്തിയ ശേഷം അവളുടെ ഷൂസും അടിവസ്ത്രവും ഊരിമാറ്റിയിരുന്നതായി പോലീസ് കണ്ടെത്തി. ആ രാത്രിയില്‍ ഒരു നിലവിളി കേട്ടതായി സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും കേസില്‍ നാല് വര്‍ഷത്തേക്ക് കാര്യമായ ഒരു തുമ്പും കിട്ടിയില്ല.

1963 നവംബറില്‍ എലിസബത്ത് കിടന്നിരുന്നതിന് ഒരു മൈല്‍ മാത്രം അകലെ മാലിന്യ നിര്‍മാര്‍ജന സൈറ്റില്‍ ഗ്വിന്നത്ത് റീസിനെയും വിചിത്രമായി മരിച്ച നിലയില്‍ കണ്ടെത്തി. ഈ 22 കാരിയും കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. വലതു കാലില്‍ ഒരു സ്റ്റോക്ക് ഒഴികെ പൂര്‍ണ്ണ നഗ്നയായിരുന്നു. അവളുടെ പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമില്ലായിരുന്നുവെങ്കിലും ജാക്ക് ദി സ്ട്രിപ്പറിന്റെ ആദ്യ ഇരകളായിരുന്നു ഇവരെന്ന് കരുതുന്നു. മൂന്ന് മാസം കഴിഞ്ഞ് ഹമ്മെര്‍സ്മിത്തിലെ തേംസ് നദിയില്‍ നിന്ന് രണ്ട് കുട്ടികളുടെ അമ്മ ഹന്ന ടെയില്‍ഫോര്‍ഡിനെ കണ്ടെത്തുന്നത് വരെ മാത്രമായിരുന്നു രാക്ഷസന്‍ അടങ്ങിയിരുന്നത്.

നേരത്തെ കൊല്ലപ്പെട്ടവരേപ്പോലെ, ഈ 30-കാരിയും കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടു. അവളുടെ പല്ലുകളും കാണാതായി. മറ്റൊന്ന് ഹന്നയുടെ അടിവസ്ത്രം അവളുടെ വായില്‍ കുത്തിനിറച്ച നിലയിലായിരുന്നു. ആ വര്‍ഷം ഏപ്രിലില്‍ ഐറിന്‍ ലോക്ക്വുഡ് കൂടി കൊല്ലപ്പെട്ടതോടെയാണ് ഇത് ഒളിവിലിരിക്കുന്ന ഒരു പരമ്പര കൊലപാതകിയുടെ കൃത്യമായിരിക്കാമെന്ന് രീതിയില്‍ പോലീസിന് സംശയം തുടങ്ങിയത്. 25 കാരിയായ ഐറിന്റെ മൃതദേഹം നദിയുടെ അതേ ഭാഗത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായിരുന്ന ഐറിന്റെ മൃതദേഹവും നഗ്‌നമായിട്ടായിരുന്നു ഉപേക്ഷിച്ചത്. ഇതോടെ ലണ്ടനിലെ തെരുവുകളില്‍ ഒറ്റയ്ക്ക് നടക്കാന്‍ സ്ത്രീകള്‍ ഭയന്നു.

ഐറിന്‍ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ – ഹെലന്‍ ബാര്‍ത്തലെമിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഭയം കൂടി. 22 കാരിയായ ഹെലനെയുടെ മൃതദേഹം ബ്രെന്റ്‌ഫോര്‍ഡിലെ ഒരു ഇടവഴിയില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. അവളുടെ മുന്‍ പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. സ്ഥലം പരിശോധിച്ച അന്വേഷകര്‍ കാര്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന പെയിന്റ് കഷണങ്ങള്‍ കണ്ടെത്തി. കേസില്‍ പോലീസിന് കിട്ടിയ ആദ്യത്തെ ഉറച്ച തെളിവായിരുന്നു ഇത്. കൊലയാളിയുടെ ജോലിസ്ഥലത്ത് നിന്നാണ് ഇവ വന്നതെന്ന് പോലീസ് കണക്കുകൂട്ടി.

30 കാരിയായ മേരി ഫ്ലെമിങ്ങിന്റെ നഗ്നശരീരത്തിലും ഈ പെയിന്റ് പാടുകള്‍ കണ്ടെത്തി. മുന്‍ പല്ലുകള്‍ നഷ്ടപ്പെട്ട മേരിയെ 1964 ജൂലൈ 14 ന് അടുത്തുള്ള ചിസ്വിക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലയാളിയുടെ ഏഴാമത്തെ ഇരയായ മാര്‍ഗരറ്റ് മക്‌ഗോവന്റെ മൃതദേഹം ആ വര്‍ഷം നവംബറില്‍ ആക്ടണില്‍ കണ്ടെത്തി. 21 വയസ്സുള്ള ലൈംഗികത്തൊഴിലാളിയായ ഇവരുടെ ഇടപാടുകാരില്‍ രാഷ്ട്രീയക്കാരും ബിസിനസുകാരും ഉണ്ടായിരുന്നു. അവളുടെ മരണം കൊലപാതകിയുടെ കൂടുതല്‍ സൂചനകള്‍ നല്‍കി. പക്ഷേ, കൊലയാളിയുടെ ആക്രമണം തടയാന്‍ ഈ സൂചനകള്‍ പര്യാപ്തമായിരുന്നില്ല. പിന്നാലെ 1965 ല്‍ ഐറിഷ് കുടിയേറ്റക്കാരി ബ്രിഡ്ജിറ്റ് ഒഹാരയുടെ മൃതദേഹം ആക്ടണിലെ ഹെറോണ്‍ ട്രേഡിംഗ് എസ്റ്റേറ്റിന് പിന്നിലെ ഒരു സ്റ്റോറേജ് ഷെഡില്‍ നിന്നും കണ്ടെത്തി.

ബ്രിജിത്തിനെ ഒരു മാസം മുമ്പ് കാണാതായിരുന്നു, അവളുടെ ശരീരത്തില്‍ മേരിയുടെയും ഹെലന്റെയും അതേ പെയിന്റ് പാടുകള്‍ ഉണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇത് കണ്ടെത്തി. ഇതോടെ പ്രതിയുടെ ലോക്കപ്പ് സ്റ്റോര്‍ ഇതായിരിക്കാമെന്ന് പോലീസ് നിരീക്ഷിച്ചു. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നതിനുമുമ്പ് ഇവിടെ വെച്ചാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി കേസ് അവസാനിച്ചുവെന്നും അന്വേഷണം നിര്‍ത്തുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം വിളിച്ച് അറിയിച്ചു. ഈ അറിയിപ്പ കൊലയാളിയെ അമ്പരപ്പിച്ചിണ്ടുണ്ടാവണം. എന്തിനേറെ പറയുന്നു, അവന്‍ തന്റെ ഭയാനകമായ കൊലപാതക പരമ്പര അവിടെ അവസാനിപ്പിച്ചു.