വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
നിരവധി ദിവസങ്ങളായി ഈ കുടുംബത്തിലുള്ളവരെ പുറത്തു കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് അപ്പാർട്ട്‌മെന്റിനുള്ളിൽ കയറി പരിശോധന നടത്തിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും ഒപ്പം നിരവധി മെഡിക്കൽ കുറിപ്പടികളും ആത്മഹത്യയ്ക്കായി ഉപയോഗിച്ച വിഷവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആമി മറ്റ് അഞ്ച് പേർക്കും ബോധപൂർവം വിഷം നൽകി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടായ കടുത്ത മുറിവുകളുണ്ടെന്ന് മെക്കാനിക്വില്ലി പൊലീസ് ചീഫ് വില്യം റാബിറ്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഈ കൂട്ടക്കൊലപാതകങ്ങളിൽ പുറത്തുനിന്നുള്ള മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. മരണങ്ങൾ സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കാമെന്നാണ് മൃതദേഹങ്ങളുടെ അവസ്ഥ കണ്ട് പൊലീസ് വിലയിരുത്തുന്നത്. ഇത്രയും വലിയൊരു ക്രൂരതയിലേക്ക് വയോധികയെ നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് നിലവിൽ യുട്ടായിലാണ് താമസിക്കുന്നത്. ഈ ദാരുണ സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)




