Sports

എന്റെ എല്ലാ റെക്കോഡുകളും തകര്‍ക്കും ഈ ഇന്ത്യന്‍ ബാറ്റര്‍; ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞ ആ താരം

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണെന്നാണ് പറയാറ്. എന്നാല്‍ തകര്‍ക്കാന്‍ കഴിയാത്തതായി കരുതുന്ന ചില റെക്കോഡുകളുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളും. മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകളും ബ്രയാന്‍ ലാറയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായ 400 റണ്‍സും. രോഹിത് ശര്‍മ്മയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ 264 റണ്‍സുമൊക്കെ. മറ്റു റെക്കോഡുകള്‍ തകര്‍ന്നേക്കില്ലെങ്കിലും തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുന്ന ചില താരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ബ്രയാന്‍ ലാറ.

ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ 400-ലധികം ടീം ടോട്ടലുകള്‍ അസാധാരണമാകാന്‍ തുടങ്ങിയിരിക്കുന്ന ഒരു കാലഘട്ടത്തില്‍, തന്റെ വ്യക്തിഗത ലോക റെക്കോര്‍ഡ് ഒരാള്‍ തകര്‍ത്തേക്കാമെന്നും ലാറ പറഞ്ഞു. ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനാണ് ഈ തൊപ്പി ലാറ നല്‍കുന്നത്. ഗില്ലിന് ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ 400 ലധികം റണ്‍സ് തകര്‍ക്കാന്‍ കഴിയുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം പറഞ്ഞു.

2004-ല്‍ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സ് നേടുന്ന ആദ്യത്തെയും ഇന്നുവരെയുള്ള ഒരേയൊരു ക്രിക്കറ്റ് താരവുമാണ് ലാറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും ഇതിലൂടെ ലാറ സ്വന്തമാക്കി. അതിന് മുമ്പ് 1994-ല്‍ ഡര്‍ഹാമിനെതിരായ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വാര്‍വിക്ഷെയറിനായി ഈ ഇടംകൈയ്യന്‍ 501 റണ്‍സ് നേടിയിരുന്നു. ഗില്ലിന് തന്റെ രണ്ട് മികച്ച നേട്ടങ്ങളും തകര്‍ക്കാന്‍ കഴിയുമെന്ന് ലാറ പറഞ്ഞു.

”എന്റെ രണ്ട് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിയും,” ഗില്ലിനെ നിലവിലെ ഏറ്റവും കഴിവുള്ള ബാറ്റര്‍ എന്നാണ് ലാറ വിശേഷിപ്പിക്കുന്നത്. ”പുതിയ തലമുറയിലെ ഏറ്റവും കഴിവുള്ള ബാറ്ററാണ് ഗില്‍. വരും വര്‍ഷങ്ങളില്‍ അദ്ദേഹം ക്രിക്കറ്റ് ഭരിക്കും. നിരവധി വലിയ റെക്കോര്‍ഡുകള്‍ അദ്ദേഹം തകര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായ ഗില്ലിന് തന്റെ ടെസ്റ്റ് കരിയറിന് മികച്ച തുടക്കം ലഭിച്ചിട്ടില്ല. 18 മത്സരങ്ങളില്‍ നിന്ന് 32 ശരാശരിയില്‍ 966 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.