Oddly News

യാത്രക്കാരായി ആരുമില്ല…! അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായി ആ പ്രേതക്കപ്പല്‍ ഒഴുകിനടന്നു…!

ശാസ്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നിനും കണ്ണിനപ്പുറത്ത് നിഗൂഡമായി നിലനില്‍ക്കാനാകില്ല. എന്നാല്‍ 153 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും, ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയ ബ്രിട്ടീഷ്- അമേരിക്കന്‍ കപ്പല്‍ ഇപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്തുന്നു. കപ്പലിലെ ചരക്കുകളെല്ലാം അതേ രീതിയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മനുഷ്യജീവി പോലുമില്ലായിരുന്നു ആ കപ്പലിനുള്ളില്‍.

1872 ഡിസംബര്‍ 4-ന്, മേരി സെലസ്റ്റ് എന്ന ബ്രിട്ടീഷ് അമേരിക്കന്‍ കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയത്. ഒരു കുഴപ്പവുമില്ലാത്ത കപ്പലിലെ ചരക്കുകളും പൂര്‍ണ്ണമായും കേടുകൂടാതെയിരുന്നു. എന്നാല്‍ അതില്‍ ഉണ്ടായിരുന്ന ഒരു ലൈഫ് ബോട്ട് മാത്രം കാണാനുണ്ടായിരുന്നില്ല. 1872 നവംബറില്‍, മേരി സെലസ്റ്റ് ന്യൂയോര്‍ക്കില്‍ നിന്ന് ഇറ്റലിയിലെ ജെനോവയിലേക്ക് യാത്ര തിരിച്ച കപ്പലായിരുന്നു ഇത്. ക്യാപ്റ്റന്‍ ബെഞ്ചമിന്‍ ബ്രിഗ്സും ഏഴ് ജീവനക്കാരും അതിലുണ്ടായിരുന്നു.

ബ്രിഗ്സിന്റെ ഭാര്യയെയും അവരുടെ 2 വയസ്സുള്ള മകളും യാത്രികരായിരുന്നു. ഒരു തയ്യല്‍ മെഷീനും ഒരു പിയാനോയും ഉള്‍പ്പെടെ കപ്പലില്‍ ധാരാളം സാധനങ്ങള്‍ ഉണ്ടായിരുന്നു. കപ്പലിന്റെ നിഗൂഡത ഇനിയും അഴിച്ചെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന് കാരണം കപ്പലിലെ യാത്രക്കാരെയും പിന്നീടാരും കണ്ടിട്ടില്ല എന്നതായിരുന്നു.

ഒരു കടല്‍ത്തീരത്ത് യാത്രക്കാര്‍ കപ്പലിനെ ഉപേക്ഷിക്കാന്‍ കാരണമെന്തായിരുന്നെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. അതേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചില വിശദീകരണങ്ങളില്‍ അസാധാരണവും ഭയപ്പെടുത്തുന്നതുമായ എന്തെങ്കിലും കപ്പലില്‍ സംഭവിച്ചിരിക്കണമെന്നതാണ് ഒരു സിദ്ധാന്തം. പക്ഷേ അതിനെ ന്യായീകരിക്കുന്ന ഒന്നും തന്നെ കപ്പലിന്റെ ദൈനംദിന ലോഗില്‍ ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാരണങ്ങളില്‍ കലാപം, കടല്‍ക്കൊള്ളക്കാരുടെ ആക്രമണം, ഒരു ഭീമന്‍ നീരാളിയുടെയോ കടല്‍ രാക്ഷസന്റെയോ ആക്രമണം എന്നിവ മൂലം ഒരുപക്ഷേ ബ്രിഗ്‌സ് എല്ലാവരെയും ലൈഫ് ബോട്ടിലേക്ക് കയറ്റാന്‍ ഉത്തരവിട്ടിരിക്കാമെന്നും മറ്റൊരു സിദ്ധാന്തം കൂടിയുണ്ട്. കടലിലെ ചുരുളഴിക്കാന്‍ കഴിയാതെ പോയ അനേകം സംഭവങ്ങളില്‍ ഒന്നായി ഇതും മാറി.