Lifestyle

ഫ്രിഡ്ജിനുള്ളിൽ ഇടയ്ക്കിടയ്ക്ക് ദുർഗന്ധം നിറയുന്നുണ്ടോ? ഇതാകാം കാരണം ; ശ്രദ്ധിക്കുക

എല്ലാ വീടുകളിലേയും അടുക്കളയില്‍ ഉള്ള ഒരാളാണ് ഫ്രിഡ്ജ്. അടുക്കളയില്‍ ഏറ്റവും ഉപകാരവും ഉപയോഗവുമുള്ള വസ്തുവും ഇത് തന്നെയാണ്. ഭക്ഷണവും പച്ചക്കറിയുമെല്ലാം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത് കൊണ്ടുതന്നെ ഫ്രിജിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.  എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. എപ്പോഴും വൃത്തിയായി ഇരിയ്ക്കേണ്ടുന്ന ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വന്നാല്‍ അത് വളരെ പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്ന് തന്നെയായിരിയ്ക്കും. റഫ്രിജറേറ്റര്‍ എങ്ങനെ വൃത്തിയാക്കി എടുക്കണമെന്ന് പലര്‍ക്കും അറിയില്ല. കുറച്ച് കാര്യങ്ങള്‍ മനസിലാക്കിയാല്‍ റഫ്രിജറേറ്റര്‍ വേഗത്തിലും എളുപ്പത്തിലും വൃത്തിയാക്കാനും സാധിയ്ക്കും. അതുപോലെ തന്നെ നമുക്ക് വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ട് തന്നെ റഫ്രിജറേറ്ററിലെ ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ സാധിയ്ക്കും.

ദുര്‍ഗന്ധം നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അറിയാം – ഫ്രിഡ്ജിനുള്ളില്‍ ദുര്‍ഗന്ധം വലിച്ചെടുക്കുന്ന സ്വാഭാവിക ഡി ഓഡറൈസറുകള്‍ വയ്ക്കാം. ഒരു ബൗളില്‍ ബേക്കിങ് സോഡ എടുത്ത് അത് തുറന്ന നിലയില്‍ സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച ഇടവേളയില്‍ ഇത് മാറ്റി പുതിയത് സ്ഥാപിക്കുക. അതേപോലെ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍, കാപ്പിപ്പൊടി, നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊലി എന്നിവയും ഫ്രിഡ്ജിനുള്ളില്‍ വച്ചശേഷം ഓരോ ആഴ്ചയും നീക്കം ചെയ്ത് പുതിയത് വയ്ക്കുക.

ഫ്രിഡ്ജിനുള്ളിലെ വസ്തുക്കളെല്ലാം നീക്കം ചെയ്തശേഷം വൃത്തിയാക്കാം. ട്രേകള്‍, ഷെല്‍ഫുകള്‍, വെജിറ്റബിള്‍ ബോക്‌സുകള്‍ എന്നിവയെല്ലാം പുറത്തെടുത്തു വയ്ക്കുക. ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ കലര്‍ത്തുക. മൈക്രോ ഫൈബര്‍ തുണി ഈ ലായനിയില്‍ മുക്കി ഫ്രിഡ്ജിനകം  തുടയ്ക്കാം. ഇളകി പോകാത്ത കറ ഉണ്ടെങ്കില്‍ ബേക്കിങ് സോഡയും അല്പം വെള്ളവും പേസ്റ്റ് രൂപത്തില്‍ കലര്‍ത്തി കറയില്‍ തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റിനു ശേഷം തുടച്ചുനീക്കാം.

ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങളും ചെയ്യാം

  1. ഡ്രെയിന്‍ ഹോള്‍ അടഞ്ഞു പോകുന്നത് – ഫ്രിഡ്ജിനുള്ളില്‍ അധികമായി രൂപപ്പെടുന്ന വെള്ളം നീക്കം ചെയ്യാന്‍ പിന്‍ഭാഗത്തോ താഴെ ഭാഗത്തോ ആയി ഡ്രെയിന്‍ ഹോള്‍ ഉണ്ടാകും. എന്തെങ്കിലും വസ്തുക്കള്‍ വീണ് ഈ ഡ്രെയിന്‍ അടഞ്ഞു പോയാല്‍ ട്രിപ്പ് ട്രേയില്‍ വെള്ളം കെട്ടിക്കിടന്നെന്നു വരാം. ദുര്‍ഗന്ധം വരുന്നുണ്ടെന്ന് തോന്നി തുടങ്ങുമ്പോള്‍ ഈ ഭാഗം പരിശോധിച്ച് വൃത്തിയാക്കിയിടുക.
  2. പ്ലാസ്റ്റിക് പാത്രങ്ങള്‍ – പ്ലാസ്റ്റിക് പാത്രങ്ങള്‍ ഭക്ഷണത്തിന്റെ ഗന്ധം ആഗിരണം ചെയ്യുന്നവയാണ്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭൂരിഭാഗവും ദീര്‍ഘകാല ഉപയോഗത്തിനുള്ളവയല്ല. ഇത്തരത്തില്‍ പഴകിയ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയില്‍ തങ്ങി നില്‍ക്കുന്ന ഗന്ധം ഫ്രിജിനുള്ളില്‍ പരക്കും. അതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ സ്റ്റീലിലോ ഗ്ലാസിലോ നിര്‍മിച്ച കണ്ടെയ്‌നറുകളില്‍ തന്നെ വയ്ക്കാന്‍ ശ്രമിക്കുക.
  3. പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ – ഫ്രിഡ്ജിനുള്ളില്‍ തിക്കി ഞെരുക്കി സാധനങ്ങള്‍ വയ്ക്കുന്ന സമയത്ത് പാത്രങ്ങളില്‍ നിന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ വശങ്ങളിലോ ട്രേയിലോ പറ്റിയെന്ന് വരാം. ഇത് ശ്രദ്ധിക്കാതെ അവശേഷിച്ചാല്‍ ദുര്‍ഗന്ധം വന്നുതുടങ്ങും. പ്രത്യേകിച്ച് മത്സ്യവിഭവമോ മാംസവിഭവമോ ആണെങ്കില്‍ ദുര്‍ഗന്ധം രൂക്ഷമായിരിക്കും. ഇന് ഒഴിവാക്കാന്‍ പതിവായി ഉള്‍ഭാഗം പരിശോധിച്ച് ഇത്തരം അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്യുക.
  4. കേടായ ഭക്ഷണം നീക്കം ചെയ്യണം – പച്ചക്കറികള്‍, പഴം, മാംസം പാലുത്പന്നങ്ങള്‍ തുടങ്ങിയവ ഫ്രിജില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മോശമായെന്നു വരാം. പലപ്പോഴും ദുര്‍ഗന്ധം വരുമ്പോള്‍ മാത്രമാവും ശ്രദ്ധിക്കുക. അതിനാല്‍ ഇത്തരത്തില്‍ ഫ്രിഡ്ജിനുള്ളില്‍ ദിവസങ്ങളായി ഉപയോഗിക്കാതിരിക്കുന്ന വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുക.