പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്
ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് തുടങ്ങാന്‍ പണമാവശ്യമുണ്ടെന്നും പറഞ്ഞ് ടീച്ചറുടെ അനുകമ്പ പറ്റുകയായിരുന്നു.
ഒരു ലക്ഷത്തിന് നാലായിരം രൂപ വീതം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 27, 50,000 രൂപ കൈപ്പറ്റുകയുമായിരുന്നു.
ആദ്യം പലിശ കൃത്യമായി നല്‍കി വിശ്വാസമാര്‍ജിച്ച് ബിസിനസ് വിപുലപ്പെടുത്താനെന്ന് പറഞ്ഞ് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൈവശപ്പെടുത്തുകയായിരുന്നു.
പണം തിരികെ ലഭിക്കുന്നതിനായി അധ്യാപിക പലതവണ ഇയാളെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെറിയമുണ്ടം തലക്കടത്തൂരിലെ വീടും സ്ഥലവും വിറ്റ് ഇയാള്‍ കര്‍ണാടകയിലെ ഹസനില്‍ കൃഷി ചെയ്തു താമസിച്ചു വരികയായിരുന്നുവെന്ന് കണ്ടെത്തി.
സമീപത്തെ ദര്‍ഗയില്‍ സ്ഥിര സന്ദര്‍ശകനായിരുന്ന ഫിറോസിനെ ഹള്ളിയില്‍ നിന്ന് ആഡംബര കാര്‍ അടക്കം പരപ്പനങ്ങാടി പോലീസ് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് 2 തവണ പണം കൈപറ്റിയത്. വിശ്വാസ്യത ഉറപ്പ് വരുത്താനാണ് ഭാര്യയെ ഒപ്പം കൂട്ടിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തു.
മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വർണവും ആണ് നഷ്ടപ്പെട്ടത്. മാത്രമല്ല വിവാഹം മുടങ്ങുകയും ചെയ്തു. പരിചയപ്പെട്ട വിദ്യാർഥിയെ മകനെപ്പോലെ സ്നേഹിക്കുകയും അമ്മയോട് എന്ന പോലെ പെരുമാറുകയുമാണ് ചെയ്തത്. ഒരിക്കൽ ഫോണിൽ കിട്ടിയപ്പോൾ വേണമെങ്കിൽ കേസ് കൊടുക്കാനാണ് പറഞ്ഞതെന്നും വീണ്ടും വിളിച്ചപ്പോൾ ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധ്യാപികയുടെ പരാതിയിൽ പറയുന്നു.
പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂര്‍, എ.എസ്.ഐ. റീന, സീനിയര്‍ സി.പി.ഒ. അഭിലാഷ്, സി.പി.ഒ. സച്ചിന്‍, തുടങ്ങിയവരായിരുന്നു പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫിറോസിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




