വർഷങ്ങൾക്കു മുൻപ് തമാശയ്ക്കോ പക്വതയില്ലാത്ത പ്രായത്തിലോ ഉണ്ടാക്കിയ മോശം ജിമെയിൽ അഡ്രസ്സുകൾ മാറ്റാൻ അവസരമൊരുക്കി ഗൂഗിൾ. 20 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഴയ ഡാറ്റകൾ ഒന്നും നഷ്ടപ്പെടാതെ തന്നെ ജിമെയിൽ അഡ്രസ്സിലെ പേര് മാറ്റാനുള്ള സൗകര്യം ഗൂഗിൾ അവതരിപ്പിക്കുന്നത്.
2004 നല്ലൊരു വർഷമായിരുന്നിരിക്കാം, എന്നാൽ നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് ഇന്നും ആ പഴയ കാലത്ത് തന്നെ നിൽക്കേണ്ടതില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമാശരൂപേണ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മാറുന്നതിനനുസരിച്ച് അക്കൗണ്ടിലും മാറ്റങ്ങൾ വരുത്താൻ ഈ പുതിയ ഫീച്ചർ സഹായിക്കും.
നിങ്ങളുടെ അക്കൗണ്ട് ഹിസ്റ്ററി, ഫോട്ടോകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവയെല്ലാം നിലനിർത്തിക്കൊണ്ട് തന്നെ പുതിയൊരു യൂസർ നെയിം തിരഞ്ഞെടുക്കാൻ ഈ അപ്ഡേറ്റ് വഴി സാധിക്കും. നിങ്ങളുടെ പഴയ ഇമെയിൽ അഡ്രസ്സ് പൂർണ്ണമായും ഇല്ലാതാകില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതൊരു ‘ആൾട്ടർനേറ്റീവ്’ അഡ്രസ്സായി തുടരും. അതിനാൽ പഴയ അഡ്രസ്സിലേക്ക് ആരെങ്കിലും ഇമെയിൽ അയച്ചാൽ അത് നിങ്ങളുടെ ഇൻബോക്സിൽ തന്നെ എത്തും. യൂട്യൂബ്, മാപ്സ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങളിൽ ലോഗിൻ ചെയ്യാൻ പഴയ പേരോ പുതിയ പേരോ ഉപയോഗിക്കാവുന്നതാണ്.
എങ്കിലും ഇതിന് ചില നിബന്ധനകളുണ്ട്. 12 മാസത്തിനിടെ ഒരു തവണ മാത്രമേ ഇമെയിൽ അഡ്രസ്സ് മാറ്റാൻ സാധിക്കൂ. ഒരാൾക്ക് ആകെ മൂന്ന് തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ അനുവാദമുള്ളൂ. എപ്പോൾ വേണമെങ്കിലും പഴയ അഡ്രസ്സിലേക്ക് തന്നെ തിരിച്ചുപോകാനും സാധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ പേര് മറ്റാരും ഉപയോഗിക്കാത്ത ഒന്നായിരിക്കണം. നിലവിൽ അമേരിക്കയിലെ ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ അഡ്രസ്സ് മാറ്റുന്നതിന് മുൻപ് ഡാറ്റകൾ ബാക്കപ്പ് ചെയ്യാൻ ഗൂഗിൾ നിർദ്ദേശിക്കുന്നുണ്ട്.
നിങ്ങളുടെ ജിമെയിൽ അഡ്രസ്സ് മാറ്റാനായി ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സിൽ പോയി ‘പേഴ്സണൽ ഇൻഫോ’ എന്ന ടാബ് തിരഞ്ഞെടുക്കുക. അതിൽ താഴെ ‘കോൺടാക്റ്റ് ഇൻഫോ’ എന്ന ഭാഗത്ത് ഇമെയിൽ സെറ്റിങ്സ് കാണാം. നിങ്ങളുടെ അക്കൗണ്ടിൽ ഈ സേവനം ലഭ്യമായിട്ടുണ്ടെങ്കിൽ ‘ചേഞ്ച് ഗൂഗിൾ അക്കൗണ്ട് ഇമെയിൽ’ എന്ന ഓപ്ഷൻ അവിടെ കാണാൻ സാധിക്കും. അത് ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള പുതിയ പേര് നൽകി സേവ് ചെയ്യാം. ഇതോടെ നിങ്ങളുടെ പുതിയ ഇമെയിൽ അഡ്രസ്സ് പ്രവർത്തനസജ്ജമാകും.




