Featured Good News

മകളുടെ ആഗ്രഹം സാധിക്കാൻ, സ്കൂട്ടർ വാങ്ങാൻ ചാക്ക് നിറയെ നാണയങ്ങളുമായി കർഷകൻ ഷോറൂമിൽ; കണ്ണ് നിറച്ച വീഡിയോ

റായ്പൂർ: ഇരുചക്ര വാഹന ഷോറൂമിൽ ഒരു ചാക്ക് നിറയെ നാണയങ്ങളുമായി എത്തിയ ആളെ കണ്ട് ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ നിന്നുള്ള കർഷകനാണ് തന്റെ മകൾക്ക് വേണ്ടി ആറു മാസത്തോളം കഷ്ടപ്പെട്ട് സ്വരൂപിച്ച ₹40,000 രൂപയുടെ നാണയങ്ങളുമായി ഷോറൂമിൽ എത്തിയത്.

കർഷകനായ ബജ്റംഗ് റാമിന് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ എന്നുള്ളത് സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ മക​ളോടുള്ള സ്നേഹത്തിന് മുന്നിൽ ഇതൊന്നും ഒരു തടസമായി . ഓരോ ദിവസവും തന്റെ തുഛമായ സമ്പാദ്യത്തിന്റെ ഒരു ചെറിയ തുക മിച്ചം പിടിച്ച് അയാൾ പെട്ടിയിൽ ശേഖരിക്കാൻ തുടങ്ങി. അങ്ങനെ ശേഖരിച്ച നാണയങ്ങൾ പെട്ടി നിറഞ്ഞപ്പോൾ റാം അവയെല്ലാം ചാക്കിൽ നിറച്ച് ഷോറൂമിലെത്തുകയായിരുന്നു.

വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ കഥ ലോകം അറിഞ്ഞത്. മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഒരു അച്ഛൻ ചെയ്യുന്ന കഠിനാധ്വാനത്തെ കാണിക്കുന്ന ഈ വീഡിയോ നിരവധി പേരുടെ ഹൃദയം കവരുകയാണ്.വീഡിയോയിൽ, കർഷക കുടുംബത്തിന്റെയും ഷോറൂം ജീവനക്കാരുടെയും മുഖത്തെ സന്തോഷം വ്യക്തമായി കാണാം. അച്ഛൻ വാഹനം വാങ്ങുമ്പോൾ മകൾ സന്തോഷത്താൽ കയ്യടിക്കുന്നതും ദൃശ്യമാണ്.

ചാക്കു നിറയെ നാണയ തുട്ടുകളുമായെത്തിയ റാമിനെ ഷോറൂം ഡയറക്ടർ സ്വീകരിച്ചിരുത്തിയ ശേഷം ജീവനക്കാർ നാണയങ്ങൾ ഓരോന്നായി എണ്ണാൻ തുടങ്ങി. എണ്ണി തീരുമ്പോൾ 40,000 രൂപ മാത്രമേ ചാക്കിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് സ്കൂട്ടർ വാങ്ങുന്നതിനുള്ള ബാക്കി തുകക്ക് വായ്പ അനുവദിച്ചു നൽകി. അങ്ങനെ പുത്തൻ സ്കൂട്ടറിന്‍റെ താക്കോൽ കൈമാറി തന്‍റെ മകളുടെ ആഗ്രഹം സാധിച്ച് റാം മടങ്ങുകയും ചെയ്തു.

സന്തോഷത്തോടെയാണ് കുടുംബം സ്കൂട്ടറിൻ്റെ താക്കോൽ ഏറ്റുവാങ്ങിയത്. കൂടാതെ, ഒരു പ്രൊമോഷണൽ ഓഫറിൻ്റെ ഭാഗമായി അവർക്ക് വാഹനത്തോടൊപ്പം ഒരു മിക്സർ ഗ്രൈൻഡറും ലഭിച്ചു.