Lifestyle

എച്ച്‌ആര്‍-88 B 8888; ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ച്‌ പിന്‍മാറി; അന്വേഷണവുമായി ഗതാഗത വകുപ്പ്‌

ന്യൂഡല്‍ഹി: എച്ച്‌ആര്‍-88 8888 എന്ന ഫാന്‍സി വാഹന നമ്പര്‍ ലേലം പിടിച്ചശേഷം പണമടയ്‌ക്കാതെ പിന്മാറിയ വ്യക്‌തിക്കെതിരേ ഹരിയാന ഗതാഗത വകുപ്പ്‌ അന്വേഷണത്തിന്‌. റോമുലസ്‌ സൊല്യൂഷന്‍സ്‌പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ്‌ കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറായിരുന്നു ഫാന്‍സി നമ്പര്‍ ലേലം പിടിച്ചത്‌. ഇയാളുടെ സാമ്പത്തികശേഷിയും വരുമാന സ്രോതസും സമഗ്രമായി അന്വേഷിക്കുമെന്ന്‌ ഹരിയാന ഗതാഗത മന്ത്രി അനില്‍ വിജ്‌ വ്യക്‌തമാക്കി. ഇത്രയും വലിയ തുക ലേലം കൊള്ളാന്‍ സുധീര്‍ കുമാറിന്‌ സാമ്പത്തികമായി ശേഷിയുണ്ടോയെന്ന കാര്യവും ഗതാഗത വകുപ്പ്‌ പരിശോധിക്കും.
ഫാന്‍സി, വി.ഐ.പി. വാഹന നമ്പരുകള്‍ ലേലത്തിലൂടെ മാത്രമേ അനുവദിക്കാറുള്ളൂവെന്ന്‌ മന്ത്രി പറഞ്ഞു. ഇത്‌ സംസ്‌ഥാനത്തിന്‌ ഗണ്യമായ വരുമാനം നല്‍കുന്നുണ്ട്‌.
എന്നാല്‍, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലേലക്കാരന്റെ യഥാര്‍ത്ഥ വരുമാനവും സ്വത്തും പരിശോധിക്കാന്‍ ഗതാഗത വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തെറ്റായ സാമ്പത്തിക അവകാശവാദങ്ങളുടെ പേരിലോ മതിയായ സാമ്പത്തിക ശേഷിയില്ലാതെയോ ആരും ലേലങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ സമഗ്രമായ അന്വേഷണത്തിനായി ആദായനികുതി വകുപ്പിന്‌ രേഖാമൂലമുള്ള കത്ത്‌ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അനില്‍ വിജ്‌ പറഞ്ഞു. ലേലം പിടിച്ചയാള്‍ പണം അടയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ ഈ നമ്പര്‍ വീണ്ടും ലേലം ചെയ്യാനാണ്‌ ഹരിയാന ഗതാഗതവകുപ്പിന്റെ തീരുമാനം.
ഹരിയാന രജിസ്‌ട്രേഷനിലുള്ള എച്ച്‌ആര്‍ 88ബി 8888 നമ്പര്‍ കഴിഞ്ഞ ആഴ്‌ച 1.17 കോടി രൂപയ്‌ക്കാണു ലേലത്തില്‍പ്പോയത്‌.
ലേലത്തുക നിശ്‌ചിത സമയപരിധിക്കുള്ളില്‍ അടയ്‌ക്കാത്തതാണു സുധീര്‍കുമാറിനു തിരിച്ചടിയായത്‌. ശനിയാഴ്‌ച രാത്രി രണ്ട്‌ തവണ ലേലത്തുക നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ കാരണം സാധിച്ചില്ലെന്നാണ്‌ സുധീറിന്റെ വിശദീകരണം.വലിയ തുക ഒരു നമ്പര്‍ പ്ലേറ്റിന്‌ വേണ്ടി ചെലവഴിക്കുന്നതിനെ കുടുംബം എതിര്‍ത്തതായും അദ്ദേഹം പിന്നീട്‌ പറഞ്ഞു.
എച്ച്‌ആര്‍ 88 ബി8888 എന്ന നമ്പരിന്റെ അടിസ്‌ഥാന ലേലത്തുക 50,000 രൂപയായിരുന്നു. മത്സരം കൂടിയതോടെ അത്‌ 1.17 കോടി രൂപയില്‍ എത്തുകയായിരുന്നു.