Oddly News

‘അയാൾ എന്റെ ജീവിതം നശിപ്പിച്ചു, ലക്ഷങ്ങളെ കൊന്നൊടുക്കി ‘; പുടിനെതിരേ ‘രഹസ്യപുത്രി’

ദശലക്ഷക്കണക്കിനു പേരെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത ‘ഒരാളെ’പ്പറ്റി തുറന്നുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പുത്രിയെന്നു കരുതപ്പെടുന്ന എലിസവെറ്റ ക്രിവോനോഗിഖ്. ഇരുപത്തിരണ്ടുകാരിയായ എലിസവെറ്റ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും ഉദ്ദേശിച്ചതു പുടിനെത്തന്നെയെന്ന് റഷ്യന്‍ മാധ്യമങ്ങള്‍.

സാമൂഹികമാധ്യമമായ ടെലിഗ്രാമിലാണ് എലിസവെറ്റയുടെ വിവാദകുറിപ്പുകള്‍ പരമ്പരയായി പുറത്തുവന്നത്. ലോകത്തിനു മുന്നില്‍ തന്റെ മുഖം ഒരിക്കല്‍ക്കൂടി കാണിക്കാനായത് ആശ്വാസകരമാണെന്ന് ഒരു കുറിപ്പില്‍ എലിസവെറ്റ പറയുന്നു. താനാരാണെന്നും ആരാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ഇത് തന്നെ ഓര്‍മിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ജെറ്റുകള്‍, വമ്പന്‍ നൈറ്റ് ക്ലബ്ബുകള്‍ തുടങ്ങിയവയെപ്പറ്റി നിരന്തരം സാമൂഹികമാധ്യമങ്ങളില്‍ എഴുതിയിരുന്നയാളാണ് എലിസവെറ്റ.

എന്നാല്‍, 2022-ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി. അതിനുശേഷം ഇപ്പോഴാണ് അവര്‍ ടെലിഗ്രാമിലൂടെ രംഗത്തുവരുന്നത്. പുടിന് വീട്ടുജോലിക്കാരിയായ സ്വെറ്റ്‌ലാന ക്രിവോനോഗിഖിലുണ്ടായ മകളാണ് എലിസവെറ്റയെന്ന അരമനരഹസ്യം റഷ്യയില്‍ അങ്ങാടിപ്പാട്ടാണ്. 2003-ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലായിരുന്നു എലിസവെറ്റയുടെ ജനനം. പുടിനുമായുള്ള ബന്ധത്തേത്തുടര്‍ന്ന് കോടീശ്വരിയായി മാറിയ സ്വെറ്റ്‌ലാനയെപ്പറ്റിയുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ‘ഔട്ട്‌ലെറ്റ് പ്രോക്റ്റ്’ എന്ന മാധ്യമമാണ് 2020-ല്‍ എലിസവെറ്റയുടെ ജനനരഹസ്യം ആദ്യമായി പുറത്തുവിട്ടത്.

പുടിന്റെ സുഹൃത്ത് ഒലെഗ് റുഡ്‌നോവിന്റെ ബിനാമിയായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ട സ്വെറ്റ്‌ലാനയ്ക്ക് 2023-ല്‍ ബ്രിട്ടന്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. യുക്രെയ്‌നെതിരായ റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ബാങ്ക് റോസ്സിയയിലും നാഷണല്‍ മീഡിയ ഗ്രൂപ്പിലും അവര്‍ക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പുടിന്റെ രഹസ്യപുത്രിയുടെ പേര് ലൂയിസ റൊസോവ എന്നാണ് അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍, റഷ്യന്‍ സര്‍ക്കാര്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. യുദ്ധവിരുദ്ധപ്രമേയങ്ങള്‍ ചിത്രീകരിക്കുന്ന രണ്ട് പാരിസ് ആര്‍ട്ട് ഗ്യാലറികളുടെ മാനേജരായി ജോലിചെയ്യുകയാണ് എലിസവെറ്റയെന്ന് ഈവര്‍ഷം ആദ്യം റഷ്യന്‍ ആര്‍ട്ടിസ്റ്റ് നസ്ത്യ റോഡിയനോവ വെളിപ്പെടുത്തി.