കാട്ടാന ആക്രമണത്തില്‍ ഇന്നും ഒരു 42കാരന്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന.
ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം. എന്നാല്‍ ആനകളും പാപ്പാന്മാരുമായുള്ളത് അസാധാരണമായ ബന്ധമാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഏവരേയും കണ്ണീരണിയിക്കുന്നത്.
മരണത്തോട് മല്ലടിക്കുന്ന തന്റെ പാപ്പാനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആന അവസാനമായി തുമ്പിക്കൈ ഉയര്‍ത്തി പാപ്പാന് യാത്ര അയപ്പ് നല്‍കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
മൂക്കില്‍ ട്യൂബിട്ട് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന പാപ്പാന്റെ മുറിയുടെ കവാടത്തിലെത്തുന്ന ആന പതുക്കെ കട്ടിലിനടുത്തേക്ക് ഇഴഞ്ഞ് എത്തുകയായിരുന്നു. പാപ്പാന്റെ കുടുംബക്കാരും ആശുപത്രി അധികൃതരും സമീപത്തുണ്ടായിരുന്നു. കട്ടിലിനടുത്തിരുന്ന് സ്‌നേഹത്തോടെ പാപ്പാനെ തൊട്ടു.
സമീപത്തുണ്ടായിരുന്ന യുവതി, പാപ്പാന്റെ കൈ ഉയര്‍ത്തി ആനയുടെ തുമ്പിക്കൈയില്‍ വയ്ക്കുകയും തലോടുകയും ചെയ്തു. അവസാന യാത്രയയപ്പ് എന്ന നിലയ്ക്ക് പ്രചരിച്ച ദൃശ്യം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ പഴയതാണെങ്കിലും ഇന്നും ഈ കരളലിക്കുന്ന കാഴ്ച ഏവരുടെയും ഹൃദയം കീഴടക്കുന്നു.