Crime

മൃതദേഹം തൂങ്ങി കിടക്കുമ്പോഴും പീഡിപ്പിച്ചു; ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണം കൊലപാതകം

കോഴിക്കോട്‌: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന്‌ പോലീസ്‌. സുഹൃത്ത്‌ വൈശാഖനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.
ഈ മാസം 24നാണ്‌ യുവതിയെ എലത്തൂരിലെ വര്‍ക്‌ ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. വൈശാഖന്റെ ഉടമസ്‌ഥതയിലുള്ള വര്‍ക്‌ഷോപ്പാണിത്‌. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ സുഹൃത്ത്‌ വൈശാഖന്റെ പങ്ക്‌ വ്യക്‌തമായത്‌.

വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ചെറുപ്പകാലം മുതല്‍ വൈശാഖന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്ലില്‍ വ്യക്‌തമായി. വിവാഹം കഴിക്കണമെന്ന്‌ അടുത്ത കാലത്ത്‌ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. വിവാഹിതനായ പ്രതിക്ക് യുവതിയുടെ ആവശ്യം അംഗീകരിക്കാനായില്ല. ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന്‌ പറഞ്ഞ്‌ 24-ാം തിയതി വൈശാഖന്‍ യുവതിയെ വര്‍ക്‌ ഷോപ്പിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. രണ്ട്‌ പേര്‍ക്കും മരിക്കാനായി കുരുക്ക്‌ തയാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്‌റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.

യുവതി തൂങ്ങിനിൽക്കുന്ന സമയത്തും തുടർന്ന് കെട്ടറുത്ത് നിലത്തു കിടത്തിയും ഇയാൾ ബലാത്സംഗം ചെയ്തതായും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം, യുവതിയെ വർക്‌ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്നു പറഞ്ഞ് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തിയ ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടും ആർക്കും സംശയത്തിന് ഇടനൽകാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകൾ. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാർക്കു സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് നാട്ടുകാർക്കു സംശയമുണ്ടായി.

യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ കേസിൽ തുടക്കത്തിൽതന്നെ ദുരൂഹത തോന്നിയ പൊലീസ് ഉടൻതന്നെ വർക്‌ഷോപ് സീൽ ചെയ്തതിനാൽ അതു നടന്നില്ല. പോക്‌സോ വകുപ്പുള്‍പ്പെടെ ചേര്‍ത്താണ്‌ ഇയാള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. വര്‍ക്‌ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ്‌ കേസ്‌ തെളിയിക്കാന്‍ പോലീസിനു തുമ്പായി മാറിയത്‌. തട്ടമ്പാട്ടുത്താഴം സ്വദേശികളാണ്‌ യുവതിയും വൈശാഖനും.