കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
ഇതിനിടെ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്‌ക്കലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) നോട്ടീസ് നല്‍കും. ഇ.ഡി. റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണു വാഹനം വാങ്ങിയതെന്നു ദുല്‍ഖര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
ഭൂട്ടാന്‍ വാഹന കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഹവാല സാന്നിധ്യം പരിശോധിക്കാനാണ് ഇ.ഡി. നീക്കം. ഇന്നലെ നടന്ന റെയ്‌ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി ഇ.ഡി. കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ച മൊഴികളും സംഘം പരിശോധിച്ചു. കേസില്‍ ഇ.സി.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി വിലയിരുത്തി. നിയമോപദേശത്തിനും ശേഷമായിരിക്കും തീരുമാനം. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.




