ദുബായ്: കഴിഞ്ഞ വര്‍ഷം തന്റെ മുന്‍ ഭര്‍ത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ച് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരിയെ ഓര്‍മ്മയില്ലേ? ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷി ദ് അല്‍ മക്തൂമിന്റെ മകളുമായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂ ആയിരുന്നു ആ വിവാദനായിക. ഇപ്പോള്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി രാജകുമാരി പ്രണയത്തിലാണ്. അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു.
31-കാരിയായ രാജകുമാരിയും 40-കാരനായ റാപ്പറും 2024 അവസാനത്തോടെയാണ് അടുപ്പത്തിലായത്. പാരീസ് ഫാഷന്‍ വീക്കിനിടെ ജൂണിലാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയത്. ഷെയ്ഖ മഹ്‌റ ദുബായ് ചുറ്റിക്കാണിച്ചുകൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മരുഭൂമി നഗരത്തിലും മൊറോക്കോയിലും ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുന്നതും, പള്ളികള്‍ സന്ദര്‍ശിക്കുന്നതും, പാരീസിലെ പോണ്ട് ഡെസ് ആര്‍ട്‌സ് പാലത്തിലൂടെ നടക്കുന്നതും കണ്ടിരുന്നു. ഈ വര്‍ഷം ആദ്യം പാരീസിലെ ഫാഷന്‍ ഇവന്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഇവരുടെ പ്രണയം പരസ്യമായത്.
ഷെയ്ഖ മഹ്‌റ നേരത്തേ ദുബായ് ഭരണാധികാരി ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമുമായി വിവാഹം കഴിച്ചിരുന്നെങ്കിലും ഭര്‍ത്താവിന്റെ അവിഹിതം ആരോപിച്ച് ഇന്‍സ്റ്റാഗ്രാമിലിട്ട കുറിപ്പിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഇവര്‍ക്ക് ഈ വിവാഹത്തില്‍ ഒരു മകളുണ്ട്. 2023 മെയ് മാസത്തിലായിരുന്നു ഇവര്‍ വിവാഹിതരായത്. ‘പ്രിയ ഭര്‍ത്താവേ,’ ദുബായ് രാജകുമാരി അന്ന് എഴുതി. ‘നിങ്ങള്‍ മറ്റ് കൂട്ടുകാരികളോടൊപ്പം തിരക്കിലായതുകൊണ്ട്, ഞാന്‍ ഇവിടെ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ മുന്‍ ഭാര്യ.’ ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പ് ഇങ്ങിനെയായിരുന്നു.
വിവാഹമോചനത്തിന് ശേഷം, ‘ഡിവാര്‍സ്’ എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡായ മഹ്ര എം1-ന് കീഴില്‍ ഒരു പെര്‍ഫ്യൂം ലൈന്‍ അവര്‍ പുറത്തിറക്കി. യുകെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദവും മുഹമ്മദ് ബിന്‍ റാഷിദ് ഗവണ്‍മെന്റ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള യോഗ്യതയും അവര്‍ നേടിയിട്ടുണ്ട്.
ഫ്രഞ്ച് മൊണ്ടാനയുടെ യഥാര്‍ത്ഥ പേര് കരിം ഖര്‍ബൂച്ച് എന്നാണ്. ‘അണ്‍ഫോര്‍ഗെറ്റബിള്‍’, ‘നോ സ്‌റ്റൈലിസ്റ്റ്’ തുടങ്ങിയ ആഗോള ഹിറ്റുകളിലൂടെയാണ് കൂടുതല്‍ അറിയപ്പെടുന്നത്. ഉഗാണ്ടയിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ധനസഹായം നല്‍കി മനുഷ്യസ്‌നേഹിയെന്ന നിലയിലും അദ്ദേഹം പേരുണ്ടാക്കിയിട്ടുണ്ട്. 2007-ല്‍ സംരംഭകയും ഡിസൈനറുമായ നദീന്‍ ഖര്‍ബൂ ച്ചിനെ ഫ്രഞ്ച് മൊണ്ടാന വിവാഹം ചെയ്തിരുന്നു. അവര്‍ക്ക് ക്രൂസ് ഖര്‍ബൂച്ച് എന്ന 16 വയസ്സുള്ള ഒരു മകനുണ്ട്.




