ചെറിയ ഹാസ്യനടനായും സഹായി വേഷങ്ങളിലുമൊക്കെ ഒരു കാലത്ത് ഒതുങ്ങിപ്പോയ നടൻ ഇന്ദ്രൻസ്, ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വേഷപ്പകർച്ചകളുടെ വിജയചരിത്രമുള്ള നടനാണ്. പെട്ടെന്നൊരു കാലത്താണ് അദ്ദേഹത്തെ തേടി ഗൗരവമുള്ളതും ശക്തവുമായ കഥാപാത്രങ്ങൾ എത്തിത്തുടങ്ങിയത്. 2021-ൽ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് ശേഷം നിരവധി ശ്രദ്ധേയമായ സീരിയസ് വേഷങ്ങളാണ് ഇന്ദ്രൻസ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇന്ന് കേരളത്തിന് പുറത്ത് അന്താരാഷ്ട്ര തലത്തിൽ വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. അത്തരത്തിലൊരു കടുത്ത ആരാധിക ഇന്ദ്രൻസിനെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അൻബുശ്രീ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “നിങ്ങൾ ഇന്ദ്രൻസിനെ നിങ്ങളുടെ സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ അദ്ദേഹത്തെ പറ്റിക്കപ്പെടുന്നതോ മർദിക്കപ്പെടുന്നതോ ആയ വേഷങ്ങളിലാണ് അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ നിങ്ങളെ വെറുതെ വിടില്ല, കണ്ടെത്തി വേദനിപ്പിക്കും” എന്നാണ് ഈ യുവതി വീഡിയോയിലൂടെ പറയുന്നത്.
ഇന്ദ്രൻസ് എത്രമാത്രം സ്നേഹമുള്ള, ക്യൂട്ടായ ഒരു മനുഷ്യനാണെന്നും ഒരു കുഞ്ഞുവാവയെപ്പോലെയാണെന്നും യുവതി പറയുന്നു. താൻ പറയുന്നത് വെറുമൊരു ഭീഷണിയല്ല, മറിച്ച് തന്റെ വാക്കാണെന്നും ഇന്ദ്രൻസിനെ ആരെങ്കിലും വേദനിപ്പിച്ചാൽ താൻ അവരെയും വേദനിപ്പിക്കുമെന്നും യുവതി കൂട്ടിച്ചേർക്കുന്നുണ്ട്.
ഇംഗ്ലീഷിലുള്ള ഈ വീഡിയോയ്ക്ക് താഴെ, ഇന്ദ്രൻസിനെ തൊട്ടാൽ കളി മാറുമെന്ന തരത്തിൽ നിരവധി രസകരമായ കമന്റുകളാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. വീഡിയോയുടെ പകുതിക്ക് വെച്ച് അൻബുശ്രീ കരയുന്നതാണ് ഇതിലെ പ്രധാന ആകർഷണം. ഇന്ദ്രൻസിനോടുള്ള തന്റെ കടുത്ത ആരാധനയാണ് യുവതി ഇതിലൂടെ വ്യക്തമാക്കുന്നത്.
സമീപകാലത്ത് താരം ചെയ്ത കഥാപാത്രങ്ങളെല്ലാം വലിയ സ്വീകാര്യതയോടെയാണ് മുന്നേറുന്നത്. പ്രാദേശിക തലം കടന്ന് അന്താരാഷ്ട്ര തലത്തിൽ വരെ അദ്ദേഹത്തിന് ആരാധകരുണ്ട്. ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക പരാമർശവും, 2018-ൽ ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങളാണ് ഇന്ദ്രൻസിനെ തേടിയെത്തിയിട്ടുള്ളത്.




